ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ബിനു കെ. സാമിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തികളെ ആദരിക്കുന്നതിനായി എല്ലാ വർഷവുംനൽകി വരുന്നതാണ് അവാർഡ്.

മികച്ച ഭാഷാപഠന ഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് ബിനു കെ. സാമിന്റെ ‘നിപ്രസം ഉപ്രസം ആ’ എന്ന കൃതിയാണ് അർഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളത്തിലെ സങ്കീർണമായ വ്യാകരണപാഠങ്ങളെ ലളിതമായ കഥകളിലൂടെ വായനക്കാർക്ക് പകർന്നുനൽകുന്ന ഈ ഗ്രന്ഥം സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭാഷാപഠനത്തിനായി നൂതനമായ വിദ്യകൾ ആവിഷ്കരിക്കുന്നതിൽ ശ്രദ്ധേയനായ ബിനു കെ. സാം മലയാളത്തിലെ പ്രമുഖ എഴുത്തുകാർ, കടങ്കഥകൾ, ശൈലികൾ, പര്യായപദങ്ങൾ എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ 250 അക്ഷരച്ചീട്ടുകൾ അടങ്ങിയ ഭാഷാക്കളി ഏറെ ജനശ്രദ്ധ നേടിയിരുന്നു.

കേരള സർക്കാറിന്റെ മലയാളം മിഷന്റെ പ്രഥമ രാജ്യാന്തര അധ്യാപക പരിശീലകനായ ഇദ്ദേഹം സംസ്ഥാന പാഠപുസ്തക സമിതിയംഗം കൂടിയാണ്. കുട്ടികളുടെ സാംസ്കാരികൂട്ടമായ നന്മയുടെ സ്ഥാപക ഡയറക്ടർ കൂടിയായ ഇദ്ദേഹം വിവിധ സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ-സേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാണ്. 75 തവണ സന്നദ്ധ രക്തദാനം നടത്തിയിട്ടുള്ള ബിനു കെ. സാം സംസ്ഥാന സർക്കാരിന്റെ 2001-ലെ മികച്ച രക്തദാതാവിനുള്ള പുരസ്കാര ജേതാവ് കൂടിയാണ്.

കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് രണ്ടാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആർ.എം.എ ലിറ്റൽ ചാംപ്സ് ക്യാമ്പ് – 2026 ൽ പ്രത്യേക അതിഥിയായി ബിനു കെ. സാം പങ്കെടുക്കും. ജൂലൈ 10 ന് റൂവിയിലെ ഗോൾഡൻ തുലിപ് ഹെഡിംഗ്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമർപ്പണം.

റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്‌, ട്രഷറർ സുജിത് പത്മകുമാർ, കമ്മറ്റി അംഗങ്ങളായ ഷാജഹാൻ, ശാമ്ജി ബാബു, നീതു ജിതിൻ, ബിൻസി സിജോ, ആശ്ന റോഷൻ, ലക്ഷ്മി വിജീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Binu K. Sam receives RMA Keralayam award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.