സലാലയില്‍ കാറ്റില്‍ വ്യാപക കൃഷിനാശം

സലാല: കഴിഞ്ഞദിവസങ്ങളില്‍ സലാലയില്‍ ആഞ്ഞടിച്ച കാറ്റില്‍ വ്യാപക കൃഷിനാശം. തോട്ടങ്ങളിലെ പപ്പായ മരങ്ങളും വാഴയുമാണ് പ്രധാനമായും കടപുഴകി വീണത്. കാറ്റ് മുന്‍കൂട്ടിക്കണ്ട് പപ്പായ മരങ്ങള്‍ കയറുകള്‍കൊണ്ട് കെട്ടിവെച്ചിരുന്നെങ്കിലും ശക്തമായ കാറ്റില്‍ കയറുകള്‍ പൊട്ടിയാണ് പപ്പായ വ്യാപകമായി കടപുഴകിയത്. ചില സന്ദര്‍ഭങ്ങളില്‍ കാറ്റ് 50 നോട്ടിക്കല്‍ മൈലില്‍ കൂടിയ വേഗത്തിലാണ് അടിച്ചത്. 15,000 റിയാലിന്‍െറയെങ്കിലും നഷ്ടമുണ്ടായതായി സലാലയിലെ ആദ്യകാല മലയാളി കര്‍ഷകനായ സുരേന്ദ്രന്‍  പറഞ്ഞു. വാഴകളും വ്യാപകമായി നിലംപതിച്ചു. ചില തോട്ടങ്ങളില്‍ തെങ്ങുകളും മറിഞ്ഞുവീണിട്ടുണ്ട്. ഹാഫക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ തൊഴിലാളികള്‍ക്ക് താമസിക്കാനായി കെട്ടിയ വീടിന്‍െറ മേല്‍ക്കൂര മൊത്തമായി പറന്നുപോയി. കര്‍ഷകര്‍ മാസങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ വിളവെടുക്കാനായ വാഴകൃഷികളാണ് അധികവും നിലംപൊത്തിയതെന്ന് കര്‍ഷകനായ ജോണ്‍സണ്‍ പറഞ്ഞു.
മുനിസിപ്പാലിറ്റിയില്‍ കരാര്‍ ചെയ്ത് മാസാന്തം നികുതിയടക്കുന്ന തോട്ടങ്ങള്‍ക്കുമാത്രമാണ് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യതയുള്ളൂ. അതുതന്നെ കരാറെടുത്ത മലയാളികളുള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. ചപാല വീശിയ സന്ദര്‍ഭത്തില്‍ കൃഷി നശിച്ചവര്‍ക്ക് മന്ത്രാലയം നഷ്ടപരിഹാരം നല്‍കിയിരുന്നു.കാറ്റുമൂലം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചില കെട്ടിടങ്ങളുടെ ജനല്‍ചില്ലകള്‍ തകരുകയും ചെയ്തിട്ടുണ്ട്. അവധിദിനങ്ങളായതിനാല്‍ പലരും വീടുകളില്‍ കഴിച്ചുകൂട്ടിയതിനാല്‍ വലിയദുരന്തങ്ങള്‍ ഒഴിവായി.

Tags:    
News Summary - salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.