സഹം പഴമേളക്ക് തുടക്കമായപ്പോൾ
സഹം: വടക്കൻ ബാത്തിന ഗവർണറേറ്റിൽ സഹം പഴമേളക്ക് തുടക്കമായി. സഹം വിലായത്തിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ വകുപ്പുമായി സഹകരിച്ച് വാലി ഓഫിസാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിലായത്തിലെ കൃഷിയിടങ്ങളിൽ പഴങ്ങളും കാർഷിക വിളകളും പ്രദർശനത്തിലുണ്ട്.
പ്രാദേശിക ഉൽപാദകർക്ക് അവരുടെ കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്നതിനും, സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, അവയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്തുന്നതിനും നേരിട്ടുള്ള വിപണനവേദി നൽകുന്നതിലൂടെ അവരെ പിന്തുണക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സഹം പബ്ലിക് പാർക്കിൽ നടക്കുന്ന ഈ ഉത്സവത്തിൽ പ്രാദേശിക പഴങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള സ്റ്റാളുകൾ, ആധുനിക കാർഷിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പ്രത്യേക വർക് ഷോപ്പുകൾ, മികച്ച കാർഷികരീതികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിദ്യാഭ്യാസ സെമിനാറുകൾ എന്നിവ നടക്കും.
സഹം പഴമേള പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ട് പ്രദർശിപ്പിക്കാൻ പ്രാപ്തരാക്കുന്നതിലൂടെ അവരെ പിന്തുണക്കുന്നതിനുമുള്ള അവസരമാണെന്ന് സഹമിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ വകുപ്പ് ഡയറക്ടർ എൻജിനീയർ അഹമ്മദ് അലി അൽ ഫാർസി പറഞ്ഞു.
സുസ്ഥിര കൃഷിയെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിന് ഈ പരിപാടി സംഭാവന ചെയ്യുന്നുവെന്നും പ്രാദേശിക സമൂഹവികസനത്തിൽ കാർഷിക മേഖലയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.