ലോകമെമ്പാടുമുള്ള ഭക്തരെ സംബന്ധിച്ച് അഭീഷ്ടവരദായകനാണ് സ്വാമി അയ്യപ്പന്. അയ്യപ്പന്റെ പേരില്‍ മുമ്പുണ്ടായ ക്ഷീണം മാറ്റാന്‍ സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം നടത്തിയതിന്റെ ചൂടുമാറുന്നതിന് മുമ്പാണ് അയ്യപ്പന്റെ സന്നിധിയിലെ സ്വര്‍ണമടക്കം അടിച്ചുമാറ്റിയ വാര്‍ത്ത പുറത്തുചാടുന്നത്. അതിനുപിന്നിലെ അമ്പലം വിഴുങ്ങികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാറിന്റെ വിശ്വാസ്യതയുടെ പ്രശ്നം കൂടിയായി മാറിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് ഏറ്റവുമധികം സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഒരു പ്രത്യേക വിഷയമാണ് മതവും വിശ്വാസവും. ശബരിമലയിലെ ദ്വാരപാലകശിൽപത്തിന് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് ഹൈകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ വലിയൊരു തട്ടിപ്പിന്റെ ചിത്രമാണ് പുറത്തുകൊണ്ടുവന്നത്. ഈ വന്‍ തട്ടിപ്പിന് പിന്നില്‍ ആരൊക്കെ എന്നും വെട്ടിപ്പിന്റെ ആഴം എത്രയെന്നും ഇനിയും കൂടുതല്‍ വ്യക്തമാക്കാന്‍ ഇരിക്കുന്നതേയുള്ളൂ. 1998ല്‍ വിജയ് മല്യയുടെ സ്പോണ്സര്ഷിപ്പില് സ്വര്‍ണം പൊതിഞ്ഞ ശില്പത്തില് 20 വര്‍ഷത്തിനിപ്പുറം എന്തിനാണ് വീണ്ടും സ്വര്‍ണം പൂശിയത് എന്ന ഹൈകോടതിയുടെ ചോദ്യത്തിന് ഉത്തരം തേടുകയാണ് കേരളം!
നമ്മുടെ നാട്ടിലെ നാനാജാതി മതസ്ഥരെ ഒരുമിപ്പിച്ചുനിര്‍ത്തുന്ന ഒരു പുണ്യസ്ഥലമാണ് സ്വാമി അയ്യപ്പന്റെ ശബരിമല. ‘പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം’ എന്ന് സിനിമയില്‍ ചോദിച്ചതുപോലെ രാഷ്ട്രീയക്കാര്‍ക്ക് എന്താണ് ഈ പുണ്യസ്ഥലത്തിന്റെ കാര്യത്തില്‍ ഇത്രമാത്രം താല്പര്യം? സംഗതി മറ്റൊന്നുമല്ല, വരവ് തന്നെ! ശര്ക്കരക്കുടത്തിലും അരവണ പായസത്തിലും ഉണ്ണിയപ്പ പാത്രത്തിലും ഒക്കെ കൈയിട്ടുവാരാം. അതി സുരക്ഷാ കേന്ദ്രങ്ങളില്പെടുന്ന പ്രസ്തുത സ്ഥലത്തെ ദ്വാരപാലക ശില്പങ്ങളില് പൊതിഞ്ഞ പാളികളിലെ സ്വര്‍ണത്തിന്റെ അളവില്‍ വലിയ കുറവ് വന്നിട്ടും ഈ കൃത്യങ്ങള്‍ എല്ലാം ചെയ്യാന്‍ വളരെയധികം താല്പര്യം കാണിച്ച് നേതൃത്വം കൊടുത്ത ഉണ്ണിക്കൃഷ്ണന് പോറ്റി എന്ന വ്യക്തിയെ ഇപ്പോഴും സര്‍ക്കാര്‍ വെള്ളിയാണോ സ്വര്‍ണമാണോ പൂശുന്നത് എന്ന സംശയം അവശേഷിക്കുന്നു.
ഈ തട്ടിപ്പിനെല്ലാം ഒത്താശ ചെയ്തുകൊണ്ടിരിക്കുന്ന ദേവസ്വം അധികാരികളും ഇപ്പോള്‍ പരസ്പരം പഴിചാരുകയാണ്. നടപടിക്രമങ്ങളില്‍ ബോര്‍ഡ് വരുത്തിയ മാപ്പര്‍ഹിക്കാത്ത വീഴ്ച ഉദ്യോഗസ്ഥരെ പൂര്‍ണമായും സംശയനിഴലിലാക്കുമ്പോള് ഇതിന് പിന്നില്‍ വലിയൊരു ഗൂഢാലോചന നടന്നതായി അയ്യപ്പഭക്തരും പൊതുജനങ്ങളും സംശയിച്ചാല്‍ എങ്ങനെ കുറ്റം പറയാന്‍ പറ്റും? കോടതി എന്ന നിയമസംവിധാനം നമ്മുടെ നാട്ടില്‍ നിലവിലില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സാക്ഷാല്‍ അയ്യപ്പനെപോലും ഈ പറയുന്ന മഹാന്മാര് വിഴുങ്ങിയേനെയെന്ന് നിസ്സംശയം പറയാം. ഒരിക്കലും ഉണ്ണിക്കൃഷ്ണന് പോറ്റി എന്ന ഇടനിലക്കാരന് തനിച്ച് ഇത്രമാത്രം വലിയ ഒരു തട്ടിപ്പ് നടത്താന്‍ പറ്റുമെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കില്ല. അയ്യപ്പസന്നിധിയില്‍ തമ്പടിച്ച് ഭഗവാന്റെ വസ്തുവകകള്‍ കൊള്ളയടിക്കുന്ന ഈ ഗൂഢസംഘത്തില്‍ ആരെല്ലാം ഉണ്ടായിരുന്നെന്നതാണ് ഇനി തിരിച്ചറിയേണ്ടത്.
അധികാരവും അഹങ്കാരവും പരസ്പരം കൈചേര്‍ത്ത് പിടിച്ചുകൊണ്ട് ഭഗവാനെ പോലും വിറ്റു തുലക്കുന്ന ഈ കൂട്ടുകച്ചവടക്കാര്‍ രാജ്യത്തിന് തന്നെ അപമാനമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ. കക്കാനും മുക്കാനും രാഷ്ട്രീയ, അധികാര മേലാളന്മാര്തന്നെ കൈകോര്‍ത്തുനില്‍ക്കുമ്പോള്‍ ഈ കാട്ടുകള്ളന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയുമോ എന്ന ആശങ്ക സകല വിശ്വാസികളിലും ഉണ്ടായേക്കാം. പാവങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന കിറ്റ്-കാപ്സ്യൂള്‍ ട്രിക്കുകളുമായി മേലാളന്മാര് രംഗത്തിറങ്ങുമ്പോള്‍ ജനസാമാന്യം ഇതെല്ലാം മറക്കുന്ന സ്ഥിതിയുണ്ടായേക്കാം. അയ്യപ്പന്‍തന്നെ രംഗത്തിറങ്ങട്ടെ. ഒപ്പം കോടതിയും....!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.