മസ്കത്ത്: കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടായതായി കണക്കുകൾ. 2012ൽ വാഹനാപകടത്തിൽ 1,139 മരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, 2022ൽ ഇത് 525 ആയി കുറഞ്ഞുവെന്ന് റോയൽ ഒമാൻ പൊലീസിലെ (ആർ.ഒ.പി) ട്രാഫിക് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബിൻ യഹ്യ അൽ സർമി പറഞ്ഞു. ‘ഷബീബ’റേഡിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോയൽ ഒമാൻ പൊലീസിന്റെ കൂട്ടായ പ്രവർത്തനവും ഡ്രൈവർമാരിൽ ബോധവത്കരണം വർധിപ്പിച്ചതുമാണ് വാഹനാപകട മരണനിരക്ക് കുറക്കാൻ സാധിച്ചത്. 2012 മുതൽ വാഹനാപകടം കുറക്കുന്നതിനുള്ള ദേശീയ തന്ത്രത്തിൽ ആർ.ഒ.പി പ്രവർത്തിക്കുന്നുണ്ട്.
2011 മേയിൽ 82 രാജ്യങ്ങളുമായി ഒപ്പുവെച്ച പ്രവർത്തന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ തന്ത്രം രൂപപ്പെടുത്തിയത്. വാഹനാപകട മരണങ്ങൾ പൂജ്യത്തിലെത്തുക എന്നതാണ് ആർ.ഒ.പിയുടെ ലക്ഷ്യം. വിചാരിക്കുന്നത്ര എളുപ്പമല്ല ഈ ലക്ഷ്യം. എന്നാൽ, എല്ലാവരുടെയും കഠിനാധ്വാനത്തിലൂടെയും യോജിച്ച പരിശ്രമത്തിലൂടെയും കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിരത്തുകളിൽ വാഹനമോടിക്കുന്നവരുടെ വേഗം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റോഡപകടങ്ങൾ കുറക്കുന്നതിന് ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമലംഘനങ്ങൾ ഉടൻ ഇലക്ട്രോണിക് വഴി ബന്ധിപ്പിക്കും. ഈ സംവിധാനം അവസാനഘട്ട മിനുക്കുപണികളിലാണ്. താമസിയാതെ ഇത് നടപ്പാക്കും. ഓരോ ഗൾഫ് രാജ്യങ്ങൾക്കും ട്രാഫിക് സംവിധാനത്തിനായി അതിന്റേതായ സർവർ ഉണ്ട്. ഈ സർവറുകൾ ബന്ധിപ്പിച്ച് ട്രാഫിക് വിവരങ്ങൾ കൈമാറാനാണ് പദ്ധതിയെന്ന് ആർ.ഒ.പിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ജി.സി.സിയിലെ പൊതു ട്രാഫിക് വകുപ്പുകൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ ബന്ധിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ വർക്കിങ് ഗ്രൂപ്പിന്റെ വിഡിയോ കോൺഫറൻസ് വഴി നടന്ന 19ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇതുവഴി ജി.സി.സി രാജ്യങ്ങളിലെ അപകടങ്ങൾ കുറക്കാനും ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താനുമാണ് ലക്ഷ്യം. ട്രാഫിക് ലംഘനങ്ങൾ തത്സമയം അതത് രാജ്യങ്ങളിലേക്ക് കൈമാറാനും സംവിധാനം വഴിയൊരുക്കും. ഏത് രാജ്യത്താണോ ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തിയത് അവിടെ തന്നെ പിഴയടക്കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ട്രാഫിക്ക് പിഴ ഏത് രാജ്യത്തും അടക്കാൻ കഴിയും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.