മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് താമസ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഗ്രേസ് പിരീയഡ് ഈ വർഷം ഡിസംബർ 31 വരെ നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് റോയൽ ഒമാൻ പൊലീസിന്റെ ഈ തീരുമാനം. ഒമാനിലെ പ്രവാസികൾക്ക് അവരുടെ നിയമപരമായ താമസസ്ഥിതി ശരിയാക്കാൻ ഈ കാലയളവ് ഉപയോഗപ്പെടുത്താം. പിഴയുമായി ബന്ധപ്പെട്ട ഇളവുകളും താമസവുമായി ബന്ധപ്പെട്ട നിയമനടപടികളും 2025 ഡിസംബർ 31 നകം പൂർത്തിയാക്കണം.
തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലറിനനുസരിച്ച്, വിസ ലംഘനമോ താമസനിയമ ലംഘനമോ നടത്തുകയും സാമ്പത്തിക ബാധ്യത നേരിടുകയും ചെയ്യുന്ന പ്രവാസികൾക്ക് നിയമപരിധിയിൽ ഇളവിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു. ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് രണ്ട് പ്രധാന മാർഗങ്ങളിൽ ആനുകൂല്യം ലഭിക്കും. നിയമാനുസൃതമായി താമസസ്ഥിതി പുതുക്കുകയാണ് ഒന്നാമത്തേത്. സ്വമേധയ രാജ്യം വിടുകയാണ് രണ്ടാമത്തേത്. ഒന്നാമത്തെ സാഹചര്യത്തിൽ, ഒമാനിൽ തുടർന്നും ജോലി ചെയ്യാനോ താമസിക്കാനോ ആഗ്രഹിക്കുന്നവർക്ക് അവരുടെ റസിഡൻസ് പെർമിറ്റ് പുതുക്കുകയോ ജോലിസ്ഥലം മാറ്റുകയോ ചെയ്യാം. അതേസമയം, ഒമാനിൽനിന്ന് സ്ഥിരമായി മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കാണ് രണ്ടാമത്തെ
ഒാപ്ഷൻ. ഇവർക്ക് ജോലിയുമായി ബന്ധപ്പെട്ടതല്ലാത്ത വിസകളുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്നുള്ള പിഴകളിൽനിന്ന് ഇളവ് ലഭിക്കും. ഇത് അവസാന അവസരമാണെന്നും ആവശ്യമുള്ളവർ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും റോയൽ ഒമാൻ പൊലീസ് ഓർമിപ്പിച്ചു. പ്രവാസികൾക്കുള്ള ഗ്രേസ് പിരീയഡ് നീട്ടിയതിലൂടെ തൊഴിൽ വിപണിയും നിയമസ്ഥിതിയും കൂടുതൽ ക്രമപ്പെടുത്താനും പ്രവാസികൾക്ക് പിഴകളില്ലാതെ അവരുടെ കാര്യങ്ങൾ പരിഹരിക്കാനുമുള്ള അവസരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.