ഓരുനിലം ഫലഭൂയിഷ്ഠമാക്കാനുള്ള പരീക്ഷണം വിജയകരമെന്ന് ഗവേഷകർ

മസ്കത്ത്: രാജ്യത്ത് ലവണഗുണവും സോഡിയത്തിന്റെ സാന്നിധ്യവുമുള്ള മണ്ണ് (ഓരുനിലം) ഫലഭൂയിഷ്ഠമാക്കാനുള്ള പരീക്ഷണം വിജയകരം. പ്രത്യേക വളം ഉപയോഗിച്ച് ഓരുനിലം വീണ്ടെടുക്കാനുള്ള ഗവേഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്. തെക്കൻ ബാത്തിനയിലുടനീളം മണ്ണിലെ ലവണാംശം മൂലമുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. ഒമാന്‍ ഷെല്‍, ഷെല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫോറസ്ട്രി, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി (എസ്.ക്യു.യു) എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഇത്.

ഷെല്‍ തിയോഗ്രോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച സ്‌പെഷല്‍ എസ് എന്ന സള്‍ഫര്‍ വളം എത്ര കാര്യക്ഷമമാണെന്ന പഠനം നേരത്തേ യൂനിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഒമാന്‍ ഷെല്‍ നടത്തിയിരുന്നു. മണ്ണില്‍ അമ്ലീകരണം നടത്തി ലവണ, സോഡിയം അംശമുള്ള മണ്ണിനെ കൃഷിക്ക് അനുകൂലമാക്കി മാറ്റുന്നതിനായിരുന്നു ഈ പഠനം.

ഗവേഷണത്തിന്റെ ഒന്നാം ഘട്ടത്തില്‍ സ്‌പെഷല്‍ എസ് ഉപയോഗിച്ച് മണ്ണിന്റെ പി.എച്ച് (മണ്ണിലെ അമ്ലത്വം, ക്ഷാരഗുണം എന്നിവയുടെ അളവുകോൽ) താഴ്ത്തി. രാജ്യത്തെ വ്യത്യസ്ത ഫാമുകളില്‍ നിന്ന് ശേഖരിച്ച അഞ്ച് തരം മണ്ണില്‍ നിന്ന് ഉപ്പ് അരിച്ചെടുക്കുകയും ചെയ്തു. മണ്ണിലെ അമ്ലീകരണം വ്യക്തമായി കാണിക്കുന്നതായിരുന്നു സ്‌പെഷല്‍ എസ് പ്രയോഗം. ഉപ്പ് അരിച്ചെടുക്കാനും അരിച്ചെടുത്ത ഉപ്പ് ഇരട്ടിയാക്കാനും ഈ വളം ഉപകരിച്ചതായി കണ്ടെത്തി. മണ്ണിലെ ഈ മാറ്റത്തോട് ചെടികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് വിശകലനം ചെയ്യുന്നതിന് കൃഷിയിടത്തിലും പരീക്ഷണം നടത്തി. റോഡസ് പുല്ലിന്റെ വിളവില്‍ 13 ശതമാനവും ഗോതമ്പിന്‍റെ വിളവില്‍ 59 ശതമാനവും വര്‍ധന കണ്ടെത്തി. റോഡസ് പുല്ല് കാത്സ്യവും ഫോസ് ഫറസും വലിച്ചെടുക്കുന്നത് യഥാക്രമം 75ഉം 14 ശതമാനം വീതമായിരുന്നു.

മണ്ണില്‍ ഉപ്പ് കലരുന്നതും അത് കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച കര്‍ഷകരുടെ കാഴ്ചപ്പാട് മനസ്സിലാക്കുന്നതിന് സാമൂഹിക സാമ്പത്തിക സര്‍വേയും സംഘടിപ്പിച്ചു. മണ്ണിലെ ലവണാംശം ഇല്ലാതാക്കുന്നതിന് പുതിയ തന്ത്രം പ്രയോഗിക്കാനുള്ള അവരുടെ സന്നദ്ധതയും മനസ്സിലാക്കി. ലവണാംശം കുറക്കുന്നതിന് കര്‍ഷകരില്‍ 62 ശതമാനവും പ്രത്യേകം തന്ത്രം പ്രയോഗിക്കുന്നില്ലെന്ന് കണ്ടെത്തി. മാറ്റം വന്ന മണ്ണ് വാങ്ങാനുള്ള സന്നദ്ധത 82 ശതമാനവും പ്രകടിപ്പിച്ചു. ലവണാംശമുള്ള മണ്ണ് കൈകാര്യം ചെയ്യുന്നതിലൂടെ ഫാമുകളുടെ സുസ്ഥിരത വര്‍ധിക്കും.

ചുണ്ണാമ്പുകല്ല് ഉപയോഗിച്ച് മണ്ണിലെ ഉപ്പ് അരിച്ചെടുക്കുന്ന രീതിയെ അപേക്ഷിച്ച് സ്‌പെഷല്‍ എസിന്റെ പ്രയോഗവും രണ്ടാം ഘട്ടത്തില്‍ പരീക്ഷിച്ചു. ഉപ്പ് അരിക്കുന്നതില്‍ ചുണ്ണാമ്പുകല്ലിനെ അപേക്ഷിച്ച് സ്‌പെഷല്‍ എസ് 31 മുതല്‍ 37 ശതമാനം വരെ കൂടുതല്‍ കാര്യക്ഷമമാണ്.

പ്രതിവര്‍ഷം ഒരു ഹെക്ടറിന് ഒരു ടണ്‍ സ്‌പെഷല്‍ എസ് വളം മണ്ണില്‍ പ്രയോഗിക്കണമെന്ന് ഗവേഷകർ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഒന്നും രണ്ടുംഘട്ട പഠനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

ജലസേചനത്തിനുള്ള വെള്ളത്തിന്റെ ഗുണമേന്മ പരിതാപകരമായതിനാല്‍ 4- 2 ഡിഎസ്/എം വൈദ്യുതി ആവശ്യമാണെന്നും ശിപാര്‍ശയിലുണ്ട്. ഒമാന്‍ ലവണാംശ കര്‍മപദ്ധതി 2012 അനുസരിച്ച് തെക്കൻ ബാത്തിനയിലെ 30- 40 ഫാമുകള്‍ ഈ സ്ഥിതിവിശേഷമാണ് നേരിടുന്നത്. മണ്ണിലെ ലവണാംശം വര്‍ധിക്കുന്നത് വലിയ ആശങ്കയാണ് കർഷകരിൽ സൃഷ്ടിക്കുന്നതെന്ന് ഒമാന്‍ ഷെല്‍ ചെയര്‍മാന്‍ വാലിദ് ഹിദ പറഞ്ഞു.

മണ്ണിലെ ഉപ്പുരസം കൂടുന്നതിനാല്‍ അവിടത്തെ കര്‍ഷകര്‍ക്ക് വിളയില്‍ ഇടിവ് നേരിടുകയും ലാഭം കുറയുകയും ചെയ്തിരുന്നു. ഉൽപാദനക്ഷമവും സുസ്ഥിരവുമായ കാര്‍ഷിക മേഖലക്ക് വലിയ സംഭാവന അര്‍പ്പിക്കുന്ന പഠനങ്ങളാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - researchers said that the experiment to make the soil fertile was successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.