മസ്കത്ത്: ബർകയിൽ വാദി സിലായിൽ അപകടത്തിൽപെട്ടവരെ നാട്ടുകാരുടെ കൂടി പരിശ്രമത്തിൽ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. വാദിയിൽ കുത്തൊഴുക്കിൽ പെട്ട് മുങ്ങിപ്പോയ കാറിൽനിന്ന് സ്വദേശിയെ വളരെ സാഹസികമായി രക്ഷപ്പെടുത്തുന്നതിനിടെ സിവിൽ ഡിഫൻസ് ആനഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാപ്രവർത്തകനും ഒഴുക്കിൽപെടുകയായിരുന്നു. എന്നാൽ, ഇരുവരെയും നാട്ടുകാർ വാദിയിലിറങ്ങി കരക്കുകയറ്റി.
അപകടത്തിൽ പെട്ട കാർ ഒഴുകിപ്പോവാതിരിക്കാൻ ആദ്യം കയർ കെട്ടി നാട്ടുകാർ പിടിച്ചുനിർത്തിയിരുന്നു. തുടർന്ന്, കാറിനകത്ത് കുടുങ്ങിപ്പോയ പൗരനെ മഴവെള്ളപ്പാച്ചിലിനിടയിലും ഏറെ ശ്രമകരമായി രക്ഷാ പ്രവർത്തകൻ പുറത്തെടുത്തു. ഇയാളെയും കൊണ്ട് കരയിലേക്ക് നീങ്ങവെ ഇരുവരും ഒഴുക്കിന്റെ ശക്തിയിൽ അൽപദൂരം ഒഴുകിപ്പോയി. കരയോടടുത്ത ഭാഗത്തെത്തിയപ്പോഴേക്കും രക്ഷാപ്രവർത്തകൻ പിടിവിട്ട് വെള്ളത്തിൽ മുങ്ങി. ഇതോടെ മറ്റൊരു രക്ഷാപ്രവർത്തകൻ ഇറങ്ങി ഇരുവരെയും കയറ്റാൻ ശ്രമിച്ചെങ്കിലും രണ്ടുപേരെയും ഒന്നിച്ചു കയറ്റാനായില്ല. രക്ഷാപ്രവർത്തകൻ ക്ഷീണിതനായതോടെ രക്ഷപ്പെട്ടയാൾ ഇയാളെയും കൊണ്ട് അൽപം നീന്തി. ഉടൻ ഏതാനും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ചേർന്ന് ഇരുവരെയും കരക്കുകയറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.