സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസ നേർന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ആസ്ത്രേലിയയുടെ ദേശീയദിനത്തോടനുബന്ധിച്ച് ഗവർണർ ജനറൽ സാം മോസ്റ്റിൻക്കും ആശംസ നേർന്നു.
ആസ്ത്രേലിയയുമായും ഇന്ത്യയുമായും ഒമാൻ സുൽത്താനേറ്റിനെ ബന്ധിപ്പിക്കുന്ന സൗഹൃദ ബന്ധങ്ങളെ സുൽത്താൻ അഭിനന്ദിച്ചു. ഈ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്ന രീതിയിൽ ഈ ബന്ധങ്ങളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ആഗ്രഹവും സുൽത്താൻ വ്യക്തമാക്കിയതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
എംബസിയിൽ റിപ്പബ്ലിക് ഡേ ദിനാഘോഷം ഇന്ന്
മസ്കത്ത്: മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. അൽഖുവൈറിലെ എംബസി പരിസരത്ത് രാവിലെ ഏഴിന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ പതാകയുയർത്തും. തുടർന്ന് വിദ്യാർഥികളുടെ പരിപാടികൾ ഉൾപ്പെടെ അരങ്ങേറും. ചടങ്ങുകൾ വീക്ഷിക്കാൻ ഇന്ത്യൻ പ്രവാസി സമൂഹത്തിനും അവസരമൊരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർ 6.45 ഓടെ എത്തിച്ചേരണമെന്ന് എംബസി അധികൃതർ അറിയിച്ചു.
ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസ്
റിപ്പബ്ലിക് ദിന സന്ദേശവുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ ഇന്ത്യയുടെ വളർച്ച ശക്തമായ അടിത്തറയിൽ –ഇന്ത്യൻ അംബാസഡർ
മസ്കത്ത്: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തിന്റെ അഭിമാന മുഹൂർത്തത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസ് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. ഇന്ത്യയുടെ വളർച്ച ഇന്ന് ശക്തമായ അടിത്തറയിലാണ് നിലകൊള്ളുന്നതെന്നും ഭരണഘടനയിൽ ഉദിച്ച ആശയങ്ങളിൽനിന്ന് ഇന്നത്തെ കരുത്താർന്ന രാഷ്ട്രത്തിലേക്കുള്ള അസാധാരണമായ യാത്രയെ തിരിഞ്ഞുനോക്കാനുള്ള അവസരമാണ് റിപ്പബ്ലിക് ദിനമെന്നും അദ്ദേഹം പറഞ്ഞു.
ഘടനാപരമായ പരിഷ്കാരങ്ങൾ, ആധുനിക തൊഴിൽ നിയമങ്ങൾ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, സജീവമായ സംരംഭക സാഹചര്യം എന്നിവ ഇന്ത്യയെ പുതിയ വികസനഘട്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്. ചാന്ദ്രദൗത്യങ്ങളുടെ വിജയം മുതൽ ‘ലോകത്തിന്റെ ഫാർമസി’ എന്ന വിശേഷണം വരെ, ആത്മനിർഭർ ഭാരത് എന്ന ആത്മവിശ്വാസം ഇന്ത്യയെ 2047ഓടെ വിക്സിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നയിക്കുകയാണെന്ന് അംബാസഡർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായും ആഗോള നവീകരണ കേന്ദ്രങ്ങളിലൊന്നായും ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വളർച്ച പൗരന്മാർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള സൗഹൃദ-പങ്കാളിത്ത രാഷ്ട്രങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതാണെന്നും സന്ദേശത്തിൽ പറഞ്ഞു.
അടുത്തിടെ, ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയും ഒമാനും തമ്മിലുള്ള നൂറ്റാണ്ടുകളായി പടുത്തുയർത്തിയ നാഗരിക, സാംസ്കാരിക, സമുദ്രബന്ധങ്ങളെ ഓർമിപ്പിച്ചതായി അംബാസഡർ പറഞ്ഞു. ഇന്ത്യ -ഒമാൻ സൗഹൃദോത്സവമായ മൈത്രി പാർവ് ഈ ദീർഘകാല ബന്ധത്തിന്റെ പ്രതീകമാണ്. ആയിരക്കണക്കിന് വർഷങ്ങളായി സമുദ്രവാണിജ്യവും സാംസ്കാരിക കൈമാറ്റവും സഹകരണ ചരിത്രവും പാകിയ അടിത്തറയിലാണ് ഇന്ത്യ-ഒമാൻ ബന്ധം നിലകൊള്ളുന്നത്. 2025 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിച്ചതോടെ ഈ പങ്കാളിത്തം പുതിയ നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യ -ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിപ) ഒപ്പുവെച്ചത് ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ പുതിയ അധ്യായം തുറന്നു. വിപണി പ്രവേശനം മെച്ചപ്പെടുത്തുന്നതിനും വ്യാപാരം വർധിപ്പിക്കുന്നതിനും കൃഷി, നിർമാണം, സേവനങ്ങൾ, സാങ്കേതിക മേഖലകൾ എന്നിവയിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിനും സിപ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.