‘കഥ പറയും ചിത്രങ്ങൾ’ എന്ന ദൃശ്യ ശ്രാവ്യ പരിപാടിയുടെ പിന്നണി പ്രവർത്തകർ
മസ്കത്ത്: ചിത്രകാരൻ രാജാ രവിവർമക്ക് ഒമാനിലെ പ്രവാസലോകം അർപ്പിക്കുന്ന ‘കഥ പറയും ചിത്രങ്ങൾ’ ദൃശ്യ ശ്രാവ്യ പരിപാടി ആഗസ്റ്റ് 22ന് അൽ ഫലാജ് ഹോട്ടലിൽ പ്രത്യേകമായി അണിയിച്ചൊരുക്കുന്ന മൂന്നു വേദികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയിരിക്കുന്ന പരിപാടിയുടെ ഹിന്ദി പതിപ്പ് ‘ബോൽത്തീ തസ്വീരേം’ ആഗസ്ത് 23ന് അതേ സ്റ്റേജിൽ അരങ്ങേറും.
ഇതിനുള്ള പരിശീലനവും തയാറെടുപ്പുകളും പുരോഗമിക്കുകയാണ്.19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, 1848 ഏപ്രിൽ 29ന് തിരുവനന്തപുരത്തിനടുത്ത് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രവി വർമ്മയുടെ ചിത്രങ്ങളും ജീവിതവുമാണ് പരിപാടിയുടെ ഇതിവൃത്തം. രവിവർമ്മ ചിത്രങ്ങളിലെ മാസ്മരികമായ ഭാവങ്ങൾ, അതിലെ ദൃശ്യ ചാരുത, സൗന്ദര്യം, കഥാപാത്രങ്ങളുടെ വികാര വിചാരങ്ങൾ, പശ്ചാത്തലങ്ങളിലെ നൈസർഗികത എന്നിവയുടെ അന്ത:സത്ത കളയാതെ ചിത്രങ്ങളിലെ രൂപങ്ങൾ കഥാപാത്രങ്ങളായി അരങ്ങത്തു വന്നു പ്രേക്ഷകരുമായി സംവേദിക്കുന്നതാണ് ശൈലി.
രവി വർമ്മയുടെ ബാല്യം മുതൽ അവസാന നാളുകൾ വരെയുമുള്ള കുടുംബ ബന്ധങ്ങളും സാമൂഹിക സാംസ്കാരിക ഇടപെടലുകളും ജീവിതത്തിൽ നേരിട്ട ദുർഘട സാഹചര്യങ്ങളും എല്ലാം പ്രതിപാദ്യ വിഷയങ്ങളാണ്. ഇതിലെ 71 സീനുകളും ആസ്വാദകർക്ക് അറിവും ആവേശവും പകരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാജാ രവി വർമ്മയുടെ പ്രസിദ്ധമായ ഗാലക്സി ഓഫ് മ്യുസിഷ്യൻസ് എന്ന ചിത്രത്തിന്റെ ദൃശ്യാവിഷ്കാരത്തോടെയാണ് പരിപാടിയുടെ തിരശ്ശീല ഉയരുക. വ്യത്യസ്തമായ മൂന്നു നൃത്തങ്ങളും പ്രശസ്ത സിനിമ സംഗീത സംവിധായകനായ റോണി റാഫേൽ ചിട്ടപ്പെടുത്തിയ എട്ടോളം ഗാനങ്ങളും കഥ പറയാൻ സഹായിക്കുന്നു.
കിളിമാനൂർ കൊട്ടാരത്തിലെ ഇപ്പോഴത്തെ തലമുറയിലെ തമ്പുരാനായ രാമ വർമ്മ തമ്പുരാൻ ആണ് ഈ പരിപാടിയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ഭാവലയ ആർട്ട് ആന്റ് കൾച്ചർ ഫൗണ്ടേഷന്റെ ബാനറിലാണ് ഈ ദൃശ്യ ശ്രവ്യ വിരുന്ന് അരങ്ങേറുന്നത്. പരിപാടിയോടനുബന്ധിച്ച് സ്വദേശികൾക്കും വിദേശികൾക്കും വേണ്ടി രവി വർമ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കി ഒരു ചിത്ര രചന മത്സരവും ആഗസ്ത് ആദ്യവാരം ഉണ്ടായിരിക്കും. വ്യത്യസ്ത രാജ്യങ്ങളിലെ ചിത്രകാരന്മാർക്കും കലാസനേഹികൾക്കും വേണ്ടി സംഘടിപ്പിക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആഗസ്ത് 23ന് നടക്കുന്ന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
യൂറോപ്യൻ അക്കാദമിക് കലയും പൂർണമായും ഇന്ത്യൻ സംവേദനക്ഷമതയും ഐക്കണോഗ്രഫിയും തമ്മിലുള്ള സംയോജനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ കൃതികൾ എന്ന് കേമ്പ് സന്ദർശിച്ച ഭാവലയ ആര്ട്ട് ആൻഡ് കൾച്ചറൽ ഫൌണ്ടേഷൻ ചെയർമാൻ ഡോ. ജെ രത്നകുമാർ അഭിപ്രായപ്പെട്ടു.
മസ്കത്തിലുള്ള 120ൽ പരം പ്രതിഭാധനരായ കലാകാരന്മാർക്കും നൂറോളം പിന്നണി പ്രവർത്തകർക്കുമൊപ്പം ഇന്ത്യയിൽ നിന്നും സിനിമാ താരം മോക്ഷയും ഈ പരിപാടിയുടെ ഭാഗമാണ്. ജാ രവി വർമയെ പുതിയ തലമുറക്കതൽ പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്ന് ഇതിന്റെ രചയിതാവും സംവിധായകനും ഗാനരചയിതാവുമായ സുനിൽകുമാർ കൃഷ്ണൻ നായർ പറഞ്ഞു. ഇംഗ്ലീഷ്, അറബിക് ഭാഷകളുടെ തർജമകളോടെ എത്തുന്ന ഈ പരിപാടി മസ്കത്തിലെ കലാ സനേഹികൾക്ക് വേറിട്ടതും പുതുമ നിറഞ്ഞതും വ്യത്യസ്തതയുള്ളതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.