ഒമാനിലെ മഴക്കെടുതി; 533 പേരെ മാറ്റിപ്പാർപ്പിച്ചു

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽനിന്ന് ഇതുവരെ 533 പേരെ മാറ്റിപ്പാർപ്പിച്ചതായി ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. പൗരന്മാരുടെയും പ്രവാസികളു​ടെയും സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം അടിസ്ഥാന സേവനങ്ങൾ തടസ്സപ്പെടാതെ നോക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതായി അധികൃതർ പറഞ്ഞു. ബുറൈമിയിൽ സിവിൽ ഡിഫൻസ്, ആംബുലൻസ് ടീമുകൾ ചേർന്ന് വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയ നൂറോളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. രക്ഷപ്പെടുത്തിയ എല്ലാവരും ആരോഗ്യ നിലയിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ഒമ്പത് അഭയകേന്ദ്രങ്ങൾ വിവിധ ഗവർണറേറ്റുകളിൽ പ്രവർത്തിച്ചുവരികയാണ്. ഇവിടങ്ങളിലായി 253 പേർ നിലവിൽ താമസിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ചില ആരോഗ്യകേന്ദ്രങ്ങളുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ആരോഗ്യ-പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. എന്നാൽ, ആരോഗ്യ സേവനങ്ങൾ തടസമില്ലാതെ ലഭ്യമാക്കാൻ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ 17 പേരെ റോയൽ ഒമാൻ പൊലീസ്, റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ എന്നിവയുടെ സഹകരണത്തോടെ എയർലിഫ്റ്റ് ചെയ്തു. ഇവരിൽ മൂന്നുപേരെ അൽ റുസ്താഖ് ആശുപത്രിയിലും അഞ്ചുപേരെ ഇബ്ര ആശുപത്രിയിലും രണ്ടുപേരെ സിനാവ് ആശുപത്രിയിലും ഒരാളെ ഇബ്രി ആശുപത്രിയിലും ആറുപേരെ ജലാൻ ബനി ബു അലി ഡയാലിസിസ് കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയും പുലർച്ചെയുമായി വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു. ഇതിനിടെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Tags:    
News Summary - Rainstorms in Oman; 533 people evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.