പനിനീർ വിളവെടുപ്പ്
മസ്കത്ത്: ഒമാനിലെ പ്രശസ്തമായ ടോപ്ഹിൽ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ജബൽ അഖ്ദർ സന്ദർശിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 13.2 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ജൂൺ അവസാനം വരെ 1,01,608 സന്ദർശകരാണ് ജബൽ അഖ്ദറിലെത്തിയത്. 2025-ൽ ഇതേ കാലയളവിൽ ഇത് 89,780 പേരായിരുന്നു.
സന്ദർശകരിൽ വലിയൊരു പങ്കും അന്താരാഷ്ട്ര വിദേശ സഞ്ചാരികളാണ്; 52,230 വിദേശികളാണ് ഈ കാലയളവിൽ ഇവിടെയെത്തിയത്. സ്വദേശികളായ ഒമാനി സന്ദർശകരുടെ എണ്ണം 40,082 ആണ്. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ കാര്യത്തിൽ സൗദി അറേബ്യയാണ് മുന്നിൽ; 13,272 പേർ. യു.എ.ഇ- 395, കുവൈത്ത്- 332, ബഹ്‌റൈൻ- 285, ഖത്തർ- 149 എന്നിങ്ങനെയും കഴിഞ്ഞ ആറുമാസത്തിനിടെ സഞ്ചാരികളെത്തി. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള 4,863 സഞ്ചാരികളും ഈ കാലയളവിൽ ജബൽ അഖ്ദർ സന്ദർശിച്ചു.
ജബൽ അഖ്ദർ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ സജീവമായത് സന്ദർശകരുടെ എണ്ണം വർധിക്കാനിടയാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മാർച്ച് അവസാനം മുതൽ ഏപ്രിൽ പകുതി വരെ നടന്ന ‘സ്പ്രിങ് റോസ് സീസൺ ഫെസ്റ്റിവൽ 2026' സ്വദേശി-വിദേശി സഞ്ചാരികളെ വൻതോതിൽ ആകർഷിച്ചു. ജബൽ അഖ്ദറിലെ പരമ്പരാഗത പനിനീർ കൃഷിയും അവയുടെ സംസ്കരണ രീതികളും നേരിട്ട് കാണാൻ സാധിക്കുന്നത് സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്നതാണ്. പ്രാദേശിക ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മധുരപലഹാരങ്ങൾ, ഒമാനി കാപ്പി എന്നിവയിലെല്ലാം ഒമാനി റോസ് വാട്ടറിന്റെ പാരമ്പര്യ ഉപയോഗം പരിചയപ്പെടുത്തുന്നതിലൂടെ സാംസ്കാരിക പൈതൃകം നിലനിർത്താനും മേള സഹായിക്കുന്നു. പ്രകൃതിഭംഗിക്ക് പുറമെ പൈതൃകം, വിനോദം, സാഹസിക ടൂറിസം എന്നിവയും ജബൽ അഖ്ദർ സന്ദർശകർക്ക് സമ്മാനിക്കുന്നുണ്ട് .അൽ ദാഖിലിയ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ജബൽ അഖ്ദർ, വേനൽക്കാലത്തെ മനോഹരമായ കാലാവസ്ഥ, ശീതകാലത്തെ പ്രകൃതിദൃശ്യങ്ങൾ, മികച്ച താമസ സൗകര്യങ്ങൾ, ഔട്ട്ഡോർ ആക്റ്റിവിറ്റികൾ എന്നിവയാൽ എല്ലാ സീസണിലും സജീവമാണ്. താഴ്‌വരകളിലൂടെയുള്ള ട്രക്കിംഗ്, ഗുഹകൾ പര്യവേക്ഷണം ചെയ്യൽ, മലകയറ്റം എന്നിവക്കൊപ്പം ഇവിടുത്തെ ഗ്രാമീണ സംസ്കാരവും പാരമ്പര്യവും അടുത്തറിയാനും സഞ്ചാരികൾക്ക് ഇവിടെ അവസരമൊരുങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.