പ്രതീകാത്മക ചിത്രം
മസ്കത്ത്: ഒമാനിൽ പലയിടത്തും കനത്ത മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, ചില റൂട്ടുകളിൽ ബസ് സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി പൊതുഗതാഗത സേവനദാതാക്കളായ മവസലാത്ത് അറിയിച്ചു. രാജ്യത്തുടനീളം സുരക്ഷിതവും സൗകര്യപ്രദവുമായി ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിനായാണ് നടപടി. അൽ ഖൂദ് - സുൽത്താൻ ഖാബൂസ് സർവകലാശാല - അൽഖൂദ്, മബേല - അൽ ഖൂദ് - ബുർജ് അൽ സഹ്‍വ, മബേല - സീബ് സൂഖ് - ബുർജ് അൽ സഹ്‍വ എന്നീ റൂട്ടുകളിലാണ് താൽക്കാലികമായി ബസ് സർവീസ് നിർത്തിവെച്ചത്.
കാലാവസ്ഥാ വ്യതിയാനങ്ങൾ പരിഗണിച്ച് മസ്കത്ത് നഗരത്തിനകത്തെയും മറ്റു നഗരങ്ങൾ തമ്മിലുമുള്ള ബസ് സർവീസുകൾ തുടരുന്നത് സംബന്ധിച്ച് തുടർച്ചയായ അവലോകനം നടത്തുമെന്ന് മവസലാത്ത് അറിയിച്ചു. കൂടുതൽ സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായാൽ അതുസംബന്ധിച്ച അറിയിപ്പുകൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഫെറി സർവീസുകൾ സാധാരണ പോലെ തുടരുകയാണ്. ശന്നാ - മസീറ റൂട്ടിൽ സർവീസ് പതിവുപോലെ തുടരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർ 1551 എന്ന നമ്പറിൽ മവസലാത്ത് കോൺടാക്ട് സെന്ററുമായി ബന്ധപ്പെടണമെന്നും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.