മഴ: ജാഗ്രത മുന്നറിയിപ്പ് മൊബൈലിലൂടെ നൽകി അധികൃതർ
മസ്കത്ത്: കനത്ത മഴയെ കുറിച്ച് സ്വദേശികൾക്കും വിദേശികൾക്കും മൊബൈലിലൂടെ മുന്നറിയിപ്പ് നൽകി അധികൃതർ. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രത്യേക ശബ്ദത്തോടെ ജാഗ്രത സന്ദേശങ്ങൾ ലഭിച്ചത്.
ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉർദു തുടങ്ങിയ ഭാഷകളിലായിരുന്നു സന്ദേശം. ഞായറാഴ്ചവരെ മഴയുണ്ടാകുമെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ പിന്തുടരണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. പ്രത്യേക ശബ്ദത്തോടെയുള്ള സന്ദേശം പലരെയും പരിഭ്രാന്തരാക്കി. എന്നാൽ, കാലാവസ്ഥ മുന്നറിയിപ്പാണെന്ന കാര്യം അറിഞ്ഞതോടെ ആശങ്ക വഴിമാറി പോകുകയും ചെയ്തു.
പ്രകൃതിദുരന്തങ്ങളെ കുറിച്ച് മൊബൈലിലൂടെ നേരത്തെ മുന്നറിയിപ്പ് നൽകുന്ന സേവനങ്ങൾ രാജ്യത്ത് കഴിഞ്ഞവർഷം തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച ജാഗ്രത സന്ദേശങ്ങൾ ലഭിച്ചത്. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും കമ്യൂണിക്കേഷൻ സർവിസ് പ്രൊവൈഡർമാരുമായും സഹകരിച്ചാണ് ഇൗ പ്രവർത്തനങ്ങൾ നടത്തുന്നത്.
പൊതുജന സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പും വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രധാന ചുവടുവെപ്പാണ് ഈ സംരംഭം. സന്ദേശങ്ങൾ അയക്കുന്ന ടെലി കമ്യൂണിക്കേഷൻ സേവന ദാതാക്കളുടെയും സഹകരണത്തോടെ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നീ ഭാഷകളിലാണ് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകുന്നത്.
കാലാവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പ് ഏത് പ്രദേശത്താണോ ലക്ഷ്യംവെക്കുന്നത് അവിടത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാൻ പുതിയ ബ്രോഡ്കാസ്റ്റ് സേവനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഉപയോക്താക്കളും ആക്ടിവേറ്റ് ചെയ്യണമെന്ന് ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്ടിവേറ്റ് ചെയ്യേണ്ട രീതിയെ കുറിച്ചുള്ള വിഡിയോയും ഇറക്കിയിരുന്നു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇടക്കിടെ വിധേയമാകുന്ന സ്ഥലമാണ് സുൽത്താനേറ്റ്. ഇത്തരം ജാഗ്രതാ അറിയിപ്പ് സംവിധാനം നിരവധി മനുഷ്യജീവനുകൾ രക്ഷിക്കാനും നാശനഷ്ടങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.