രുചികളുടെ വൈവിധ്യവുമായി ഐ.എസ്.സി ഒമാൻ കേരള വിഭാഗം പായസമേള
മസ്കത്ത്: കേരളീയ ആഘോഷങ്ങളുടെ മധുരവും പാചക പാരമ്പര്യത്തിന്റെ വൈവിധ്യവും ഒരുമിച്ചുചേർന്ന പായസമേള മസ്കത്തിൽ ആവേശപൂർവം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പായസമേളയിൽ മുപ്പതോളം പേർ പങ്കെടുത്തു.
വ്യത്യസ്ത ചേരുവകളും രുചിക്കൂട്ടുകളും ഉപയോഗിച്ച് തയാറാക്കിയ പായസങ്ങളുമായി മത്സരാർഥികൾ മാറ്റുരച്ചപ്പോൾ, പരമ്പരാഗത പായസങ്ങൾക്കൊപ്പം പുതുമയാർന്ന വിഭവങ്ങളും ശ്രദ്ധേയമായി. രുചിയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തിയ മത്സരങ്ങൾ കാണികൾക്കും ആസ്വാദ്യകരമായ അനുഭവമായി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ പായസമേള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷക്കീൽ കെ.എം., കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരളാ വിങ് ട്രഷറർ സുനിത് തെക്കടവൻ എന്നിവർ ആശംസ നേർന്നു. കേരളാ വിങ് വനിതാ കോഓഡിനേറ്റർ ശ്രീജ രമേശ് സ്വാഗതം പറഞ്ഞു. കേരള വിങ് കോ-കൺവീനർ ജഗദിഷ് കീരി അധ്യക്ഷത വഹിച്ചു.
മത്സരത്തിൽ കാരറ്റ് പായസവുമായി ഉഷ മധു ഒന്നാം സ്ഥാനം നേടി. ബീറ്റ്റൂട്ട് പായസവുമായി ലിജിന ജയചന്ദ്രൻ രണ്ടാം സ്ഥാനവും വാഴപ്പിണ്ടി പായസവുമായി നീതു അനിൽ കുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി. നസിയ പ്രോത്സാഹന സമ്മാനത്തിന് അർഹയായി. വിവിധ ഗെയിമുകളും ഗാനങ്ങളും നൃത്തപരിപാടികളും ഇതോടൊപ്പം അരങ്ങേറി.
\മത്സരാർഥികളുടെ ആവേശകരമായ പങ്കാളിത്തവും കാണികളുടെ പ്രോത്സാഹനവും പായസമേളയെ ശ്രദ്ധേയമായ കൂട്ടായ്മയാക്കി. മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും മാനേജിങ് കമ്മിറ്റി അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് വിജയികൾക്കും മറ്റ് മത്സരാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.