ദോഹ: ഖത്തറിലേക്ക് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ച യാത്രാ ഉപരോധം റദ്ദാക്കണമെന്ന് ജർമനി ആവശ്യപ്പെട്ടു. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്്മാൻ ആൽഥനിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇരുവും ചേർന്നുനടത്തിയ വാർത്താ സമ്മേളനത്തിലാണ് ജർമൻ വിദേശകാര്യ മന്ത്രി സിർ ഗബ്രിയേൽ ആ നിർദേശമുയർത്തിയത്. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
അനുരഞ്ജനം ആവശ്യമായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുമായി സംസാരിച്ച് ജർമനി ഇക്കാര്യത്തിനായി ശ്രമിക്കാൻ തയ്യാറാണ്. അമേരിക്കയുമായി ചേർന്നും ചർച്ചകൾക്കു ശ്രമിക്കാൻ തങ്ങൾ ഒരുക്കമാണ്. എന്നാൽ യാത്രാ മാർഗങ്ങൾ ഇല്ലാതായ സാഹചര്യം പുന:സ്ഥാപിക്കുകയാണ് ആദ്യം വേണ്ടത്. പ്രശ്ന പരിഹാരത്തിന് യു.എസ്, കുവൈത്ത്, യൂറോപ്യൻ യൂനിയൻ, ജർമനി എന്നീ രാജ്യങ്ങളുടെ പരിശ്രമങ്ങൾ ഫലം കാണുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ചാണ് തങ്ങൾക്കെതിരായി ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്്ദുർറഹ്മാൻ ആൽഥാനി പറഞ്ഞു. ഖത്തറിന് കര, വായു, സമുദ്രം വഴിയുള്ള ഉപരോധം ഏർപ്പെടുത്തിയതോടെ മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു.
ഇത്തരം നടപടികളിലൂടെ ഗുണപരമായ നടപടികളാകില്ല ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ സംഘടിതമായി ഖത്തറിനെതിരെ നീങ്ങാൻ മാത്രം എന്ത് തെറ്റാണ് തങ്ങൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.