മസ്കത്ത്: റസിഡൻഷ്യൽ കെട്ടിടങ്ങൾ നഴ്സറി, കിന്റർഗാർട്ടൻ എന്നിങ്ങനെയുള്ള വിവിധ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി അംഗീകാരം നൽകി. മുനിസിപ്പൽ കൗൺസിലിന്റെ ആറാമത്തെ യോഗത്തിലാണ് പാർപ്പിട കെട്ടിടങ്ങളിൽ നടത്താവുന്ന വിവിധ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. യോഗത്തിൽ മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള പാർപ്പിട കെട്ടിടങ്ങളുടെ നിയന്ത്രണം പഠിക്കാൻ രൂപവത്കരിച്ച സംഘം തയാറാക്കിയ കരട് പ്രമേയം അവലോകനം ചെയ്തു. അംഗീകൃത റെസിഡൻഷ്യൽ സ്ട്രീറ്റുകളിലെ കെട്ടിടങ്ങളുടെ വാണിജ്യപരമായ ഉപയോഗം ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും നഗരങ്ങളെ മനുഷ്യവൽക്കരിക്കുക എന്ന ആശയവുമായി പൊരുത്തപ്പെട്ടുപോകുന്നതാണിതെന്നും അധികൃതർ വ്യക്തമാക്കി.
ഗവർണറേറ്റിലെ വാണിജ്യ ഉപയോഗത്തിനായി അംഗീകരിച്ച റസിഡൻഷ്യൽ സ്ട്രീറ്റുകളുടെ സ്ഥിതി വിലയിരുത്തുന്നതിനും പഠിക്കുന്നതിനുമായി മുനിസിപ്പൽ കൗൺസിൽ പ്രമേയം നമ്പർ 1/2023 അടിസ്ഥാനമാക്കിയാണ് ടീം രൂപവത്കരിച്ചിരുന്നത്. വാണിജ്യ ഉപയോഗത്തിനായി അംഗീകരിച്ച തെരുവുകളിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനുവദനീയമായ വാണിജ്യ പ്രവർത്തനങ്ങളും സേവന ആവശ്യങ്ങളും നിർണയിക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. 2023ലെ ഗവർണറേറ്റിന്റെ വികസന പദ്ധതികളെക്കുറിച്ചുള്ള ശിപാർശകൾ കൗൺസിൽ അംഗീകരിച്ചു. ഗവർണറേറ്റുകളിലെ വാദികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം പഠിക്കാൻ ഒരു വർക്കിങ് ഗ്രൂപ് രൂപവത്കരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.