മസ്കത്ത്: 45 വയസ്സിന് മുകളിലുള്ളവർക്ക് ജൂൺ 20 ഞായറാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങുമെന്ന് മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററായിരിക്കും പ്രധാന വാക്സിനേഷൻ കേന്ദ്രം. ഖുറിയാത്തിലെ അൽ സഹെൽ ഹെൽത്ത് സെന്ററിലും വാക്സിനേഷൻ ഉണ്ടായിരിക്കും.
പ്രവൃത്തി ദിവസങ്ങളിൽ ഒമാൻ കൺവെൻഷൻ സെൻററിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെയും വൈകീട്ട് മൂന്നുമുതൽ ഒമ്പതുവരെയുമായിരിക്കും വാക്സിനേഷൻ. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയായിരിക്കും കുത്തിവെപ്പ്.
ഖുറിയാത്ത് ഹെൽത്ത് സെൻററിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും വാക്സിനേഷൻ. സീബിലെ ഒമാൻ ഒാട്ടോമൊബൈൽ അസോസിയേഷനിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകീട്ട് നാലുമുതൽ ഒമ്പതുവരെയും ഡ്രൈവ് ത്രൂ വാക്സിനേഷൻ ഉണ്ടായിരിക്കും.
ജൂൺ 21 മുതലുള്ള അടുത്ത ഘട്ട മാസ് വാക്സിനേഷനിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററായിരിക്കും പ്രധാനവേദിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരുക്കങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൺവെൻഷൻ സെന്റർ സന്ദർശിച്ചിരുന്നു.
വാക്സിനേഷനുവേണ്ടി ഇലക്ട്രോണിക് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. തറാസുദ് പ്ലസ് ആപ്ലിക്കേഷൻ വഴി http://covid19.moh.gov.om എന്ന പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന 45 വയസ്സിന് മുകളിലുള്ളവർ സർക്കാർ അംഗീകൃത കേന്ദ്രങ്ങളിലെ കുത്തിവെപ്പിന് മുൻകൂട്ടി അേപ്പായിൻമെന്റ് ബുക്ക് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജൂലൈയിലാണ് മൂന്നാം ഘട്ട കുത്തിവെപ്പ്. ഹയർ എജുക്കേഷൻ വിദ്യാർഥികൾ, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ തുടങ്ങിയവർക്കാണ് ഈ ഘട്ടത്തിൽ കുത്തിവെപ്പ് നൽകുക. ജൂലൈ അവസാനത്തോടെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.