ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ റോയൽ ഓഫിസ് മന്ത്രി

മസ്കത്ത്: ഒമാൻ റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനി ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസുമായി തിങ്കളാഴ്ച പ്രത്യേക കൂടിക്കാഴ്ച നടത്തി. മസ്കത്തിലെ റോയൽ ഓഫിസ് കാര്യാലയത്തിലായിരുന്നു ഇരു നയതന്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ച നടന്നത്. ഇന്ത്യൻ അംബാസഡർ ശ്രീനിവാസു ചർച്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സംയുക്ത സഹകരണവും ഇരുപക്ഷവും വിലയിരുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ഏകോപനത്തെയും അത് തുടർച്ചയായി കൈവരിക്കുന്ന പുരോഗതിയെയും ഇന്ത്യൻ അംബാസഡർ യോഗത്തിൽ പ്രശംസിച്ചു. ഒമാനിലെ നയതന്ത്ര കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ജി.വി. ശ്രീനിവാസിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഞായറാഴ്ച യാത്രയയപ്പ് സ്വീകരണം നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെ മന്ത്രി പ്രശംസിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി-വ്യാപാര ബന്ധങ്ങളെയും പ്രവാസി ക്ഷേമത്തെയും പുതിയ ഉയരങ്ങളിലേക്ക് നയിച്ച ശേഷമാണ് മുതിർന്ന നയതന്ത്രജ്ഞനായ ജി.വി. ശ്രീനിവാസ് ഒമാനിലെ ഇന്ത്യൻ എംബസിയിൽനിന്ന് പടിയിറങ്ങുന്നത്. 1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ജി.വി. ശ്രീനിവാസിന് മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നയതന്ത്ര കരിയറാണുള്ളത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പ്രശാന്ത് പിസെയാണ് പുതിയ അംബാസഡർ. അദ്ദേഹം വൈകാതെ ഒമാനിൽ ചുമതലയേൽക്കും.

Tags:    
News Summary - Oman's Royal Office Minister meets Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.