റുസ്താഖിന്റെ മുഖച്ഛായ മാറ്റാൻ ‘സിറ്റി വാക്ക്’; 25 ശതമാനം നിർമാണം പൂർത്തിയായി

മസ്‌കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഏറ്റവും വലിയ സംയോജിത നഗര വികസന പദ്ധതികളിലൊന്നായ റുസ്താഖിലെ ‘സിറ്റി വാക്ക്’ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 25 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. വാണിജ്യം, വിനോദം, ജീവിത ഗുണനിലവാരം ഉയർത്തൽ എന്നിവ സമന്വയിപ്പിക്കുന്ന ഈ ബൃഹദ് പദ്ധതി റുസ്താഖിന്റെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകൾക്ക് വലിയ ഊർജം പകരും.

റുസ്താഖ് റഫറൽ ഹോസ്പിറ്റലിന് പിന്നിലായി ഏകദേശം 28,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഈ ആധുനിക കേന്ദ്രം ഒരുങ്ങുന്നത്. പദ്ധതിയുടെ പ്രധാന പാലങ്ങളുടെയും ഫ്ലോർ സ്ലാബുകളുടെയും വാർപ്പുപണികൾ ഇതിനകം പൂർത്തിയായി. നിലവിൽ ഗ്രൗണ്ട് ഫ്ലോറിലെ തൂണുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന കെട്ടിട സമുച്ചയങ്ങളിലായി 7,500 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

നിർമാണം പൂർത്തിയാകുന്നതോടെ വൈവിധ്യമാർന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, റസ്റ്റോറന്റുകൾ, കഫേകൾ എന്നിവക്കൊപ്പം ഒരു സ്വകാര്യ മെഡിക്കൽ ക്ലിനിക്കും തിയറ്ററും കുട്ടികളുടെ കളിസ്ഥലവും ഇവിടെ സജ്ജമാകും. ഇതിനുപുറമെ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേകം ഫിറ്റ്നസ് സെന്ററുകളും സന്ദർശകർക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മോട്ടലും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.

പച്ചപ്പു നിറഞ്ഞ പാർക്കുകൾ, വിശ്രമകേന്ദ്രങ്ങൾ, മനോഹരമായ ജലധാരകൾ, സെൻട്രൽ പ്ലാസ എന്നിവ ഉൾപ്പെടുത്തിയാണ് സിറ്റി വാക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് പ്രദേശവാസികൾക്കും സന്ദർശകർക്കും ഒത്തുചേരാനും വിനോദങ്ങളിൽ മുഴുകാനും മികച്ച അന്തരീക്ഷം ഒരുക്കും. പദ്ധതി പൂർത്തിയാകുന്നതോടെ തെക്കൻ ബാത്തിനയിലെ പ്രധാന വാണിജ്യ-വിനോദസഞ്ചാര കേന്ദ്രമായി റുസ്താഖ് മാറുമെന്നും പുതിയ നിക്ഷേപ അവസരങ്ങളും ആധുനിക ജീവിതസൗകര്യങ്ങളും ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - 'City Walk’ to Change the Face of Rustaq; 25 Percent of Construction Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.