സേവനങ്ങളിൽ മുഴുകിയിരിക്കുന്ന ഒമാനി ഹജ്ജ് മിഷൻ അംഗങ്ങൾ
മസ്കത്ത്: മദീനയിലെത്തുന്ന ഒമാനി തീർഥാടകർക്കുള്ള ഒമാനി ഹജ് മിഷൻ സേവനങ്ങൾ നൽകുന്നത് തുടരുന്നു. കര, വ്യോമ മാർഗങ്ങളിലൂടെ എത്തിത്തുടങ്ങിയവർക്ക് ആരോഗ്യ, മാർഗനിർദേശ സേവനങ്ങളാണ് നൽകിവരുന്നതെന്ന് ഒമാനി ഹജ്ജ് മിഷൻ ഡെപ്യൂട്ടി ഹെഡ് അബ്ദുൽ അസീസ് ബിൻ മസൂദ് അൽ ഗഫ്രി പറഞ്ഞു. ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ മക്കയിലേക്കു പോകുന്നതിനുമുമ്പ് തീർഥാടകർ പ്രവാചകന്റെ മസ്ജിദ് സന്ദർശിച്ചേക്കുമെന്നാണ് കരുതുന്നത്.
ഈ വർഷം14,000 തീർഥാടകർക്കാണ് ഹജ്ജിനു പോകാൻ അനുമതി കിട്ടിയിട്ടുള്ളത്. ഇതിൽ 13,500 ഒമാനികളും 250 അറബ് താമസക്കാരും 250 അറബ് ഇതര താമസക്കാരുമാണ് ഉൾപ്പെടുന്നത്. എറ്റവും കൂടുതൽ ഹജ്ജിനു പോകുന്നത് മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്. ആകെ തീർഥാടകരുടെ 20.77 ശതമാനവും ഇവിടെനിന്നുള്ളവരാണ്.
19.86 ശതമാനവുമായി വടക്കൻ ബാത്തിനയാണ് തൊട്ടടുത്ത്. കുറവ് തീർഥാടകരുള്ളത് അൽവുസ്തയിൽനിന്നാണ്-ഒമ്പത് ശതമാനം. പ്രായം, കുടുംബ അവകാശം, മഹ്റം, സഹയാത്രികർ, ആവർത്തിച്ചുള്ള അപേക്ഷകൾ, ഹജ്ജിന്റെ തരം, ഏറ്റവും പ്രായം കൂടിയ വ്യക്തി, മരിച്ച വ്യക്തിയുടെ പേരിൽ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് അപേക്ഷകരിൽനിന്ന് വിശുദ്ധ കർമത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
സുൽത്താനേറ്റിൽനിന്നുള്ള ഏക മലയാളി സംഘവും ദിവസങ്ങൾക്കു മുമ്പ് വിശുദ്ധകർമത്തിനായി പുണ്യഭൂമിയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.