മസ്കത്ത് മാമാങ്കത്തിന് തിരിതെളിഞ്ഞു

മസ്കത്ത്: മസ്കത്തിന്  ഇനി ഉത്സവരാവുകള്‍. വിജ്ഞാനവും വിനോദവും ദൃശ്യവിഭവങ്ങളും നിറഞ്ഞ 24 രാവുകള്‍ക്ക്  വ്യാഴാഴ്ച തിരിതെളിഞ്ഞു. നസീം ഗാര്‍ഡനിലും അല്‍ അമിറാത്ത് പാര്‍ക്കിലും എത്തുന്ന സന്ദര്‍ശകര്‍ക്കിനി ആഘോഷനാളുകളായിരിക്കും. അറേബ്യന്‍ സംസ്കാരത്തിന്‍െറ മാറ്റ് വിളിച്ചോതുന്നതായിരിക്കും ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍. ഇതിനായി വിവിധ അറബ് രാജ്യങ്ങളില്‍നിന്ന് കലാകാരന്മാരും അഭ്യാസ വിദഗ്ധരും എത്തിക്കഴിഞ്ഞു. വൈകുന്നേരം നാലുമുതലാണ് നസീം ഗാര്‍ഡനും അല്‍ അമിറാത്ത് പാര്‍ക്കും ഉണരുന്നത്. സാധാരണ ദിവസങ്ങളില്‍ രാത്രി 11 വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. വാരാന്ത്യ അവധിദിവസങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ രാത്രി 12 വരെ ഉത്സവ നഗരി സജീവമാവും. മുതിര്‍ന്നവര്‍ക്ക് 200 ബൈസയും കുട്ടികള്‍ക്ക് 100 ബൈസയുമാണ് പ്രവേശന നിരക്കുകള്‍. ഉത്സവത്തിന്‍െറ ഭാഗമായി ഇരു വേദികളിലും ദിവസവും വെടിക്കെട്ടുണ്ടാവും. രാത്രി എട്ടരക്കായിരിക്കും വെടിക്കെട്ട് നടക്കുക. ഒമാനില്‍ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥ ഫെസ്റ്റിവലിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. തണുപ്പന്‍ കാലാവസ്ഥ പൊതുവെ കുടുംബങ്ങളെയും മറ്റും പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ്. 
മസ്കത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അറബ് ലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാഷണങ്ങളും പ്രസന്‍േറഷനുകളും സാംസ്കാരിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഒമാന്‍െറ വിവിധ സാംസ്കാരിക പൈതൃകങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടികളും ആകര്‍ഷണീയമാകും. 
അല്‍ അമിറാത്ത് പാര്‍ക്കിലെ പൈതൃകഗ്രാമം ശ്രദ്ധേയമാണ്. വിദേശികളെയാണ്  ഇത് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഒമാനിലെ ജീവിതരീതിയും പരമ്പരാഗത ശൈലികളും വിളിച്ചോതുന്നതാണ് പൈതൃക ഗ്രാമം. ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഒമാനി സ്വദേശികളുടെ ജീവിതശൈലിയും കാര്‍ഷികരീതികളും തനത് രീതിയില്‍ ഇവിടെ കാണാം. കൃഷിക്കാരും കലാകാരന്മാരും പരമ്പരാഗത തൊഴിലിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നതും പൈതൃക ഗ്രാമത്തില്‍ കാണാം. പരമ്പരാഗത രീതിയില്‍ നടത്തുന്ന പാത്ര നിര്‍മാണം, മരം കൊണ്ടുള്ള പണിത്തരങ്ങള്‍, ചവിട്ടിയും മറ്റും നെയ്തെടുക്കല്‍, ലോഹം കൊണ്ട് വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതും കാഴ്ചക്കാര്‍ക്ക്  ആവേശം പകരും. കൂടാതെ, മറ്റു കായികാഭ്യാസങ്ങളും അല്‍ അമിറാത്തില്‍ കാണികളെ ആകര്‍ഷിക്കുന്നുണ്ട്. മഴക്കാടുകള്‍, പെയിന്‍റ് ബാള്‍, ഒമാന്‍ നാടോടിനൃത്തങ്ങളും താളവാദ്യങ്ങളും അവതരിപ്പിക്കുന്ന ഓപണ്‍ സ്റ്റേജ്, തീജ്വാല പ്രകടനം, ആഫ്രിക്കന്‍ പ്രദര്‍ശനം, വിവിധ സ്റ്റാളുകള്‍, വ്യാപാര വാണിജ്യ സ്റ്റാളുകള്‍ എന്നിവയാണ് നസീം ഗാര്‍ഡനില്‍ ഒരുക്കിയിരിക്കുന്നത്. ഖുറം ആംപി തിയറ്റര്‍, ഒമാന്‍ ഓട്ടോമൊബൈല്‍ ക്ളബ് തുടങ്ങിയ കേന്ദ്രങ്ങളും മസ്കത്ത് ഫെസ്റ്റിവലിന്‍െറ വേദിയാവുന്നുണ്ട്. അല്‍ അമിറാത്തിലും നസീം ഗാര്‍ഡനിലും എത്തുന്ന സന്ദര്‍ശകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും വന്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 
റൂവിയില്‍നിന്ന് രണ്ടു കേന്ദ്രങ്ങളിലേക്കും ബസ് സൗകര്യമൊരുക്കുന്നത് സാധാരണക്കാര്‍ക്ക് അനുഗ്രഹമാവും. ഫെസ്റ്റിവലിന്‍െറ ഭാഗമായ ടൂര്‍ ഒമാന്‍ സൈക്കിളോട്ടമത്സരം അടുത്ത മാസമാണ് നടക്കുക. 

Tags:    
News Summary - oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.