മസ്കത്ത്: ശാസ്ത്ര കൗതുകങ്ങളുടെ ചെപ്പു തുറന്ന് ഒമാൻ സയൻസ് ഫെസ്റ്റിവെലിന്റെ മൂന്നാംപതിപ്പിന് തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗതാഗത, വാർത്ത വിനിമയ, വിവര സാേങ്കതിക മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മവാലി, വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയ എന്നിവർ പങ്കെടുത്തു. ആറുദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന മേളയിലൂടെ സയൻസ്, ഇന്നവേഷൻ, ശാസ്ത്ര ഗവേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്യാർഥികളോടും ശാസ്ത്ര കുതുകികളോടും ക്രിയാത്മകമായി സംവദിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ശാസ്ത്രമേഖലയിലെ ആഗോള ട്രൻഡുകളും മറ്റും മനസ്സിലാക്കാനും മേളയിലൂടെ സാധിക്കും. ജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാനും ശാസ്ത്രീയ വിഷയങ്ങളിൽ പഠനം തുടരാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതും മേളയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഫെസ്റ്റിവലിൽ 110 സർക്കാർ, സ്വകാര്യ, സൈനിക, സിവിൽ സ്ഥാപനങ്ങളും ബോഡികളും അസോസിയേഷനുകളും പങ്കെടുക്കുന്നുണ്ട്.
ശാസ്ത്ര സെമിനാറുകൾ, നൂതനാശയങ്ങളുടെ ശാസ്ത്രീയ പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ, ശാസ്ത്രീയ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയവയും നടക്കും. 25 ശാസ്ത്ര സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. സ്റ്റെമസോൺ കോർണർ, ഹാക്കത്തോണുകൾ, പ്രോഗ്രാമിങ്, റോബോട്ടുകൾ, ഡ്രോണുകൾ, വിവിധ ശാസ്ത്ര മത്സര കോർണർ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇവന്റുകളുടെ എണ്ണം, പങ്കെടുക്കുന്ന സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ പ്രതിനിധികൾ തുടങ്ങിയ കാരണങ്ങളാൽ ഈ വർഷത്തെ സയൻസ് ഫെസ്റ്റിവെൽ വേറിട്ട് നിൽക്കുന്നതാണെന്ന് ഫെസ്റ്റിവലിന്റെ സയന്റിഫിക് കമ്മിറ്റി മേധാവി ഡോ. മായി ബിൻത് സഈദ് അൽ അസ്രിയ പറഞ്ഞു.
സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, സർക്കാർ, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷകർ, ശാസ്ത്രജ്ഞർ, വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, സർക്കാർ, സൈനിക, സ്വകാര്യ സ്ഥാപനങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, വിവിധ മേഖലകളിൽനിന്നുള്ള ശാസ്ത്രത്തിൽ താൽപര്യമുള്ളവർ എന്നിവരെയാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.