ഒമാൻ സയൻസ് ഫെസ്റ്റിലിൽനിന്ന്
മസ്കത്ത്: ശാസ്ത്ര കൗതുകളങ്ങളുടെ ചെപ്പ് തുറന്ന് ഒമാൻ സയൻസ് ഫെസ്റ്റിവലിന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ തുടക്കമായി. ‘സുസ്ഥിര വിഭവങ്ങൾ’ എന്ന തലക്കെട്ടിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പ് ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സാബ്തിയുടെ രക്ഷാകർതൃത്വത്തിലാണ് തുടക്കമായത്.
ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ഡോ. മദിഹ അഹമ്മദ് അൽ ഷിബാനി, സാമൂഹിക വികസന മന്ത്രി ലൈല അഹമ്മദ് അൽ നജ്ജാർ, ലിബിയയിലെ വിദ്യാഭ്യാസ മന്ത്രി ഡോ. മൂസ മുഹമ്മദ് അൽ മഖ്രിഫ് എന്നിവർ സംബന്ധിച്ചു.
നൂതനാശയങ്ങൾ പ്രദർശിപ്പിച്ച് വിവിധ മേഖലകളിലെ 141 സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഹംഗേറിയൻ സ്കിൽഡിക്റ്റ് ഓർഗനൈസേഷൻ, ബെൽജിയത്തിലെ മ്യൂസിയം ഓഫ് നാച്ചുറൽ സയൻസസ്, യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് ‘സെർൺ’, മലേഷ്യൻ നാഷനൽ ഗിഫ്റ്റഡ് സെന്റർ, സൗദി അറേബ്യയിലെ മിഷ്കാത്ത് ഇന്ററാക്ടീവ് എക്സിബിഷൻ എന്നിങ്ങനെ അഞ്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു.
ശാസ്ത്രീയ സംവേദനാത്മക വർക്ക്ഷോപ്പുകൾ മുതൽ ശാസ്ത്രീയ നാടകങ്ങൾ, മത്സരങ്ങൾ, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ വരെ വ്യത്യസ്തമായ 520 വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്.
എട്ട് ദിവസത്തെ ഫെസ്റ്റിവലിൽ ജൈവ വൈവിധ്യം, സ്മാർട്ട് ഫ്യൂച്ചർ, ആരോഗ്യവും ജീവിതവും, ബഹിരാകാശത്തിലേക്കുള്ള ചിറകുകൾ, സ്മാർട്ട് സിറ്റികൾ, സൈബർനെറ്റിക്സ്, ലിറ്റിൽ ബഡ്സ്, പ്രകൃതിവിഭവങ്ങൾ, സുസ്ഥിര ഭക്ഷണം, ഊർജസ്വലമായ ഊർജങ്ങൾ, എന്നിവ ഉയർത്തിക്കാട്ടുന്ന 24 പ്രധാന വിഭാഗങ്ങളും ഉൾപ്പെടും.
മുൻപതിപ്പുകളുടെ വിജയമാണ് നാലാമതും പരിപാടി സംഘടിപ്പിക്കാൻ സംഘാടകർക്ക് പ്രചോദനമായത്. പരിപാടികളുടെ ഇടങ്ങളും ഇവന്റുകളും ഇപ്രാവശ്യം വിപുലീകരിച്ചിട്ടുണ്ട്.
ആരോഗ്യം, ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി നിരവധി മേഖലകളിൽ 31 ശാസ്ത്രീയ കോണുകളും 520 ശാസ്ത്രീയ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ഫെസ്റ്റിവലിൽ 3,50,000 സന്ദർശകർ എത്തുമെന്നാണ് കരുതുന്നത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും ആകർഷകവും ആസ്വാദ്യകരവുമായ രീതിയിൽ ശാസ്ത്രീയ ആശയങ്ങൾ, മത്സരങ്ങൾ, ശാസ്ത്രീയ ശിൽപശാലകൾ, സാങ്കേതിക ഉപകരണങ്ങളും ആപ്ലിക്കേഷനുകളും പ്രദർശിപ്പിക്കുന്നതിന് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.