ഒമാൻ സൗദി-ഹൈവേയുടെ രാത്രികാല കാഴ്ച (ഫയൽ)
അഞ്ച് ലക്ഷം ടണ്ണോളം ചരക്ക് നീക്കവും നടന്നു, കഴിഞ്ഞ ഡിസംബറിലാണ് റോഡ് തുറന്നത്
മസ്കത്ത്: ഒമാന്‍ - സൗദി റോഡ് വഴി ഈ വർഷം ഇതിനകം നാല് ലക്ഷത്തോളംപേർ യാത്ര ചെയ്തതായി ഗതാഗത, വാര്‍ത്ത വിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വാലി പറഞ്ഞു. ഒമാന്‍ -സൗദി ഫോറത്തിന്റെ ഭാഗമായി മേഖലയില്‍ വിവിധ സഹകരണങ്ങള്‍ ഇരു രാഷ്ട്രങ്ങളും ചര്‍ച്ച ചെയ്യുകയായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം യാത്രക്കാരുടെ എണ്ണവും ചരക്ക് കടത്തും മൂന്നിരട്ടി വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ടണ്ണോളം ചരക്ക് നീക്കവും ഈ വർഷം സെപ്റ്റംബർ ആദ്യവാരംവരെ നടന്നിട്ടുണ്ട്. സുൽത്താനേറ്റിൽനിന്ന് നേരിട്ടുള്ള റോഡ് സൗകര്യം ഹജ്ജ്- ഉംറ തീര്‍ഥാടകര്‍ക്കും വ്യാപാര മേഖലക്കും ഗുണം ചെയ്യുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞു. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ കഴിഞ്ഞ വർഷം ഡിസംബർ ഏഴിനായിരുന്നു ഉദ്ഘാടനം ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റോഡ് തുറന്ന് കൊടുത്തത്.
മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണിത്. നേരത്തേ യു.എ.ഇയിലൂടെ കടന്നുപോകുന്ന 1638 കി.മീ റൂട്ടാണ് സൗദിയുമായി ഒമാനെ ബന്ധിപ്പിക്കുന്ന കരമാര്‍ഗം.
ഈ യാത്രക്ക് 16 മുതല്‍ 18 വരെ മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍, പുതിയ റോഡ് വന്നതോടെ 800 കി.മീ ദൂരം കുറഞ്ഞു. ഇബ്രിയിലെ തനാമില്‍ നിന്നാണ് ഒമാനില്‍ റോഡ് ആരംഭിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ക്ക് റോഡ് ഉപയോഗിച്ച് വരുന്നുണ്ട്. ഖരീഫ് സമയത്ത് നിരവധി ആളുകളാണ് ഈ പാതയിലൂടെ ഒമാനിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.