മസ്കത്ത്: ഒമാനിൽ 2025-ൽ വിവിധ കമ്പനികളിലായി രണ്ടായിരത്തിലധികം തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതായി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സിന്റെ (ജി.എഫ്.ഒ.ഡബ്ലിയു) വാർഷിക റിപ്പോർട്ട്. 30 കമ്പനികളിലായി മൊത്തം 2,182 തൊഴിലാളികളെയാണ് പിരിച്ചുവിടൽ ബാധിച്ചത്. എന്നാൽ ലേബർ കമ്മിറ്റികളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് 2,035 ഒമാനി തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ സാധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷത്തിൽ ഫെഡറേഷൻ കൈകാര്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ പ്രശ്നങ്ങളിലൊന്ന് പിരിച്ചുവിടലുമായി ബന്ധപ്പെട്ട പരാതികളായിരുന്നു.
നിയമോപദേശങ്ങൾ, മധ്യസ്ഥശ്രമങ്ങൾ, ബന്ധപ്പെട്ട കമ്മിറ്റികളിലും കോടതികളിലും തൊഴിലാളികളെ പ്രതിനിധീകരിക്കൽ എന്നിവയിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഫെഡറേഷൻ നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക കാരണങ്ങളാൽ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാൻ അനുമതി തേടി സ്വകാര്യ മേഖലയിലെ കമ്പനികൾ നൽകിയ 120 അപേക്ഷകൾ ഇതേക്കുറിച്ചന്വേഷിക്കുന്ന കമ്മിറ്റി പരിശോധിച്ചു. ഇതിൽ തൊഴിൽ കരാറുകൾ റദ്ദാക്കാനുള്ള 87 അപേക്ഷകൾ കമ്മിറ്റി പൂർണമായും നിരസിച്ചു.
2,035 ഒമാനി തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കവും കമ്മിറ്റി തടഞ്ഞു. അതേസമയം, ഒമാനി തൊഴിലാളികളുടെ ശമ്പളം ആറുമാസത്തേക്ക് 10 മുതൽ 25 ശതമാനം വരെ താൽക്കാലികമായി കുറക്കാനുള്ള അഞ്ച് അപേക്ഷകൾക്ക് കമ്മിറ്റി അനുമതി നൽകി. ഇതോടൊപ്പം ഇവരുടെ ജോലി സമയത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ആറ് കമ്പനികളിൽ നിന്നായി 28 ഒമാനി തൊഴിലാളികളെയും, 10 കമ്പനികളിൽ നിന്നായി 485 പ്രവാസി തൊഴിലാളികളെയും പിരിച്ചുവിടാനുള്ള അപേക്ഷകൾക്കും കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 497 നിയമോപദേശങ്ങളും ലേബർ പരാതി സേവനങ്ങളും ഫെഡറേഷൻ നൽകി. പ്രൈമറി, അപ്പീൽ കോടതികളിലായി 144 കേസുകളിൽ ജുഡീഷ്യൽ പിന്തുണയും ലഭ്യമാക്കി. ഇതിൽ തീർപ്പുകൽപിച്ച 116 തൊഴിൽ കേസുകളും തൊഴിലാളികൾക്ക് അനുകൂലമായാണ് വിധിവന്നത്. പൂർത്തിയായ എല്ലാ കേസുകളിലും 100 ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. അതേസമയം, ഒമാനിലെ രജിസ്റ്റർ ചെയ്ത ലേബർ യൂനിയനുകളുടെ എണ്ണത്തിൽ വലിയ വർധനവാണ്ടായത്. കഴിഞ്ഞവർഷം അവസാനത്തോടെ യൂണിയനുകളുടെ എണ്ണം 340 ആയി ഉയർന്നു. സുൽത്താനേറ്റിലുടനീളമുള്ള തൊഴിലാളി പ്രാതിനിധ്യത്തിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.