പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന

മസ്കത്ത്: ജനുവരിയില്‍ രാജ്യത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് എം 91 പെട്രോളിന് 11 ബൈസയും എം95ന് പത്തു ബൈസയും ഡീസലിന് 18 ബൈസയുമാണ് വര്‍ധിക്കുകയെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂണിന് ശേഷമുള്ള ഇന്ധനവിലയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. എം 91ലിറ്ററിന് 176 ബൈസയും എം95ന് 186 ബൈസയുമായിരിക്കും ജനുവരിയിലെ നിരക്ക്. 
ഡീസലിന് 195 ബൈസയും ഈടാക്കും.  എം91ന് 165 ബൈസയും സൂപ്പറിന് 176 ബൈസയും ഡീസലിന് 177 ബൈസയുമായിരുന്നു ഡിസംബറിലെ വില. റെഗുലര്‍ പെട്രോളിന് പകരം കഴിഞ്ഞ നവംബര്‍ മുതലാണ് എം91 എന്ന പുതിയ ഗ്രേഡ് ഇന്ധനം അവതരിപ്പിച്ചത്. നവംബറില്‍ 173 ബൈസയായിരുന്നു എം 91ന് ഈടാക്കിയത്. ഇന്ധനവിലയില്‍ പ്രത്യേകിച്ച് ഡീസല്‍ വിലയില്‍ വന്‍ വര്‍ധന വരുത്തിയത് പണപ്പെരുപ്പം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 1.85 ശതമാനമാണ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. ഇതില്‍ ഗതാഗത വിഭാഗത്തില്‍ 10.2 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്.  കാറുകള്‍ക്ക് ഇനി മുഴുവന്‍ടാങ്ക് അടിക്കണമെങ്കില്‍ ശരാശരി 400 മുതല്‍ 500ബൈസ വരെ അധികമായി നല്‍കേണ്ടിവരും.
വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ധനത്തിന് അധിക തുക ചെലവിടേണ്ടിവരും. ഇത് സാധനവിലയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം പഴം, പച്ചക്കറി മേഖലയെ ഡീസല്‍ വിലവര്‍ധന മൂലമുള്ള വിലക്കയറ്റം ഈമാസം ബാധിക്കാന്‍ സാധ്യതയില്ളെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഒമാനില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളും മറ്റും വിപണിയില്‍ അധികമായി എത്തിത്തുടങ്ങിയതിനാലാണിത്. ടാക്സി വാഹനങ്ങള്‍ വൈകാതെതന്നെ അധികനിരക്ക് ഈടാക്കാനിടയുണ്ട്. 
അതിനാല്‍, മുവാസലാത്ത് ബസുകളില്‍ തിരക്ക് വര്‍ധിക്കും. നിലവില്‍ പ്രവാസികളില്‍ പലരും ജോലിക്ക് പോകുന്നതിനും മറ്റും മുവാസലാത്ത് ബസുകളെയാണ് ആശ്രയിക്കുന്നത്. പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക എന്ന മുദ്രാവാക്യവുമായി മുവാസലാത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - oman petrol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.