മസ്കത്ത്: യൂറോപ്യൻ രാജ്യങ്ങളിലും മറ്റു ഗൾഫ് നാടുകളിലും കുടുങ്ങിയ ഒമാനി വിദ്യാർഥികളെയും സ്വദേശികളെയും തിരിച്ചെത്തിച്ചു തുടങ്ങി. ബന്ധപ്പെട്ട രാജ്യങ്ങളുമായുള്ള ധാരണ പ്രകാരം ഒമാൻ എയർ പ്രത്യേക വിമാനമയച്ചാണ് കുടുങ്ങിയവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ 24ന് നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ആദ്യ ബാച്ച് ഒമാനി വിദ്യാർഥികളെ വ്യാഴാഴ്ചയാണ് തിരിച്ചെത്തിച്ചത്. ബാക്കിയുള്ളവരെ ശനിയാഴ്ചയും ഞായറാഴ്ച ഉച്ചക്ക് മുമ്പുമായി തിരികെയെത്തിക്കും. സുപ്രീം കമ്മിറ്റി നിർദേശ പ്രകാരം ഞായറാഴ്ച ഉച്ച മുതൽ ഒമാനിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര - ആഭ്യന്തര വിമാന സർവിസുകളും അവസാനിപ്പിക്കുന്നതിനാലാണിത്.
തിരികെയെത്തുന്നവരെ വൈദ്യ പരിശോധനക്ക് ശേഷം ഹോട്ടലുകളിലേക്ക് മാറ്റുകയാണ് ചെയ്യുക. ടൂറിസം മന്ത്രാലയത്തിെൻറ സഹകരണത്തോടെ 40 ഹോട്ടലുകളിലെ 2816 മുറികളാണ് കോവിഡ് അഭയകേന്ദ്രങ്ങളായി മാറ്റിയിട്ടുള്ളത്. ഹോട്ടലുകളെ മൂന്നായി തരംതിരിച്ചിട്ടാണ് ആളുകളെ പാർപ്പിക്കുന്നത്.
ഒരു വിഭാഗം ഹോട്ടലുകളിൽ ഒരു രോഗ ലക്ഷണങ്ങളുമില്ലാത്തവരെയാണ് പാർപ്പിക്കുക. കുറച്ച് എണ്ണത്തിൽ സംശയാസ്പദമായ കേസുകളും മൂന്നാമത്തെ വിഭാഗം ഹോട്ടലുകൾ രോഗം സ്ഥിരീകരിച്ചവരുടെ ചികിത്സക്കുമായാണ് ഉപയോഗിക്കുക. റിലീഫ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാഷനൽ യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ട്.
ഏതാണ്ട് 2978 ഒമാനി വിദ്യാർഥികൾ വിദേശത്തുണ്ടെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്. മറ്റുള്ളവർ രോഗബാധയുടെ തുടക്ക സമയത്തേ തിരികെയെത്തിയിരുന്നു. മാർച്ച് 29ന് മുമ്പ് തിരികെ യാത്ര സാധ്യമാകാത്ത ഒമാനികൾക്ക് കോവിഡ് ഭീതിയകന്ന ശേഷമേ തിരികെ യാത്ര സാധ്യമാവുകയുള്ളൂവെന്ന് ഒമാൻ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.