മസ്കത്ത്: ദുൽഹജ്ജ് മാസം ആരംഭിച്ചതോടെ ബലിപെരുന്നാൾ ആഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങി. നിസ്വയടക്കം ഒമാെൻറ ഉൾപ്രദേശങ്ങളിലെ സൂഖുകളിലും പെരുന്നാൾ സ്പെഷൽ ചന്തകളിലും (ഹബ്തകൾ) ആടുമാടുകളുടെ കച്ചവടം സജീവമായി. മത്രയടക്കം മസ്കത്തിലെ സൂഖുകളിലും ഹൈപ്പർമാർക്കറ്റുകളിലും പെരുന്നാൾ കച്ചവടം ചൂടുപിടിച്ച് തുടങ്ങിയിട്ടില്ല.
സ്വദേശി സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള കച്ചവടമാണ് ഇപ്പോൾ സജീവമെന്ന് മത്രയിലെ കച്ചവടക്കാരനായ സക്കീർ പറയുന്നു. പല ഡിസൈനികളിലുള്ള സ്കൂൾ ബാഗുകൾ എത്തിയിട്ടുണ്ട്. പുതിയ മോഡലുകൾക്ക് അൽപം ഉയർന്ന വിലയാണ്. സ്കൂൾ വിപണിയും ബലിപെരുന്നാളും ഒരുമിച്ച് വരുന്നതിനാൽ പെരുന്നാൾ കച്ചവടം കുറയുമോയെന്ന ആശങ്ക കച്ചവടക്കാർക്കുണ്ട്.
പെരുന്നാൾ വിപണിയിലെ മന്ദത വരും ദിവസങ്ങളിൽ മാറുമെന്നാണ് പ്രതീക്ഷ. മത്രയിൽ സുഗന്ധദ്രവ്യങ്ങളും വസ്ത്രങ്ങളുമൊക്കെ വിൽക്കുന്ന കടകളിലാകും പെരുന്നാൾ തിരക്കേറുക. പെരുന്നാളിനോട് അടുത്ത ദിവസങ്ങളിൽ മാത്രമാണ് ഇവിടെ ആടുമാടുകൾ വിൽപനക്ക് എത്തുക.
ഹൈപ്പർമാർക്കറ്റുകളാകെട്ട വിവിധ ഒാഫറുകളുമായാണ് പെരുന്നാൾ കച്ചവടത്തിന് ഒരുങ്ങിയിട്ടുള്ളത്. ബലിപെരുന്നാളിന് ആടുമാടുകളുടെ ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയവും അറിയിച്ചു.
വരുംദിവസങ്ങളിൽ ആടുകളുടെയും മാടുകളുടെയും ഒട്ടകങ്ങളുടെയും ആവശ്യം വർധിക്കും. ഇത് മുൻനിർത്തി കൂടുതൽ ഒൗട്ട്ലെറ്റുകൾ തുറക്കുന്നുണ്ടെന്നും മന്ത്രാലയത്തിലെ അനിമൽ വെൽത്ത് വിഭാഗം ഡയറക്ടർ പറഞ്ഞു. ചിലർ പരമ്പരാഗത പെരുന്നാൾ ചന്തകളായ ഹബ്തകളിൽനിന്നാണ് ബലിയറുക്കാനുള്ള മൃഗങ്ങളെ വാങ്ങുന്നത്.
നിസ്വ സൂഖിൽ വെള്ളിയാഴ്ച പരമ്പരാഗത പെരുന്നാൾ ചന്തയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വാങ്ങാനെത്തിയവരും വിൽപനക്കാരും കാഴ്ചക്കാരുമൊക്കെയായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. മസ്കത്തിൽനിന്നും സുഹാറിൽനിന്നും ദോഫാർ ഗവർണറേറ്റിൽനിന്നുമെല്ലാം ആളുകൾ എത്തിയിരുന്നു. പുലർച്ചെ ആറുമണിയോടെ തന്നെ സൂഖിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പാർക്കിങ് സൗകര്യം ലഭ്യമായിരുന്നില്ല.
ആടുമാടുകൾക്കും ഒട്ടകങ്ങൾക്കും പുറമെ പഴം-പച്ചക്കറികളടക്കം സാധനങ്ങൾ വിൽക്കാനും ധാരാളം പേർ എത്തിയിരുന്നു. അടുത്ത ദിവസങ്ങളിലൊക്കെ പെയ്ത മഴയുടെ ഫലമായി കാർഷിക മേഖലയിൽ നല്ല വിളവാണ് ലഭിച്ചത്. പഴങ്ങളുടെ വിഭാഗത്തിൽ ജബൽ അഖ്ദറിൽ വിളഞ്ഞ അത്തിപ്പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. മാതളം, വാഴപ്പഴം എന്നിവക്കും ആവശ്യക്കാർ ഏറെയായിരുന്നു.
പെരുന്നാൾ അവധി ഇന്ന് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പെരുന്നാൾ 12ാം തീയതിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു വാരാന്ത്യ അവധിദിനങ്ങളും ചേർത്ത് ഒമ്പതുദിവസത്തെ അവധി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.