മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ പുതിയ റിസോർട്ടുകൂടി വരുന്നു. മിർബാത്തിൽ നിർമാണ ം പുരോഗമിക്കുന്ന അലില ഹിനു ബേ റിസോർട്ട് അടുത്തവർഷം ആദ്യ പാദത്തോടെ പ്രവർത്തനമാരംഭിക്കും.
ഒമാൻ ഡെവലപ്മെൻറ് ആൻഡ് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലുള്ള അലിൽ സലാല കമ്പനിയുടെ നേതൃത്വത്തിലാണ് റിസോർട്ട് വികസിപ്പിച്ചെടുക്കുന്നത്. ഒമാൻ സ്റ്റേറ്റ് ജനറൽ റിസർവ് ഫണ്ട് സി.ഇ.ഒ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി കഴിഞ്ഞദിവസം സ്ഥലത്തെത്തി നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
വിവിധ വിഭാഗങ്ങളിലായി 112 മുറികളാണ് ഉണ്ടാവുക. പഞ്ചനക്ഷത്ര ഹോട്ടലിനൊപ്പം ലക്ഷ്വറി വില്ലകളും അടങ്ങിയതാണ് പദ്ധതി. ഇവക്ക് പുറമെ സഞ്ചാരികൾക്ക് മികച്ച അനുഭവം പ്രധാനം ചെയ്യുന്ന സൗകര്യങ്ങളും ഇവിടെയുണ്ടാകും.
ദോഫാറിലെയും ഒമാനിലെതന്നെയും ടൂറിസം മേഖലക്ക് മികച്ച മുതൽക്കൂട്ടാകും റിസോർട്ട്. നിർമാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അബ്ദുൽസലാം അൽ മുർഷിദിക്ക് അലിൽ സലാല കമ്പനി ചെയർമാൻ വിശദീകരിച്ച് നൽകി. റിസോർട്ട് സ്വദേശികൾക്ക് 360 തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് അബ്ദുൽസലാം അൽ മുർഷിദി പറഞ്ഞു.
കഴിഞ്ഞദിവസം 25 ദശലക്ഷം റിയാൽ ചെലവിട്ട് നിർമിച്ച മില്ലനിയം സലാല റിസോർട്ട് ഉദ്ഘാടനം ചെയ്തിരുന്നു. ദോഫാർ ഗവർണറേറ്റിലെ ഹോട്ടലുകളുടെ എണ്ണം വർധിച്ചത് സഞ്ചാരികൾക്ക് ഉപകാരപ്രദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.