പാട്ടിലലിഞ്ഞ് സലാലയോളം ....

സലാല: സലാലയുടെ മനസ്സുകുളിർപ്പിച്ച് മാനവികതയുടെ മഹോത്സവമായ ഹാർമോണിയസ് കേരളയുടെ ആറാം സീസൺ. അതിരുകളില്ലാത്ത സ്നേഹത്തിന്‍റെയും ഒത്തൊരുമയുടെയും ആഘോഷരാവിലേക്ക് ആയിരക്കണക്കിന് പ്രവാസികളാണ് ഒഴുകിയെത്തിയത്. മലയാളിക്ക് ഗൃഹാതുരതയുണർത്തുന്ന സമ്മോഹന മുഹൂർത്തങ്ങൾ സമ്മാനിച്ച ഹാർമോണിയസ് കേരള നിറഞ്ഞ സദസ്സിലാണ് അൽ മറൂജ് ആംഫി തിയറ്ററിൽ അരങ്ങേറിയത്. ആദ്യാവസാനം കാണികളെ ആവേശത്തിലാഴ്ത്തിയ പരിപാടിയിൽ വൈകാരിക നിമിഷങ്ങളും പിറന്നു.

മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ സാന്നിധ്യം തന്നെയായിരുന്നു ശ്രദ്ധേയം. മലയാള സിനിമയിലെ വിപ്ലവകാരിയായ നായികയെന്ന അഭിസംബോധനയോടെയായിരുന്നു അവതാരകൻ മിഥുൻ രമേശ് ഭാവനയെ സ്റ്റേജിലേക്ക് വരവേറ്റത്. ഈ ഭൂമിയിൽ എല്ലാവരും മനുഷ്യത്വമുള്ളവരായിരിക്കണമെന്നും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കട്ടെയെന്നും ഭാവന ആശംസിച്ചു.

സലാല അൽമറൂജ് ആംഫി തിയറ്ററിൽ നടന്ന ഹാർമോണിയസ് കേരളയിൽ നടി ഭാവന, ഗായകൻ എം.ജി ശ്രീകുമാർ, അവതാരകൻ മിഥുൻ രമേശ് എന്നിവർ

 

സലാലക്ക് നന്ദിയർപ്പിച്ച ആമുഖ വിഡിയോക്ക് ശേഷം നിശ്ശബ്ദതയിലായ സദസ്സിലേക്ക് വെടിക്കെട്ട് പാട്ടുമായി സദസ്സിൽനിന്ന് ‘എനർജി ബോംബ്’ മിയക്കുട്ടി ഇറങ്ങിവന്നതോടെ പാട്ടിന്റെ മേളത്തിന് തുടക്കമായി. ലോക സിനിമയിലെ ‘തനിലോക മുറക്കാരീ..’ എന്ന ഹിറ്റ് ഗാനം സദസ്സിനെ ഇളക്കിമറിച്ചു. തുടർന്ന് കാണികളെ വിസ്മയിപ്പിച്ച് മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ‘ട്രിക്സ് മാനിയ 2.0’ അരങ്ങേറി. മെന്റലിസം കലക്കുപിന്നിൽ അത്ഭുത സിദ്ധികളൊന്നുമല്ലെന്നും ശാസ്ത്രം മാത്രമാണെന്നും ഫാസിൽ കാണികളെ ഉദ്ബോധിപ്പിച്ചു.

ആനന്ദ രാവിന് പൊലിമയും പെരുമയും പകരാൻ നിത്യ മാമ്മനും അശ്വിനും ശിഖ പ്രഭാകരനും റഹ്മാനും മിയക്കുട്ടിയും മികച്ച പ്രകടനവുമായി അരങ്ങുവാണപ്പോൾ സദസ്സ് ആനന്ദ കൊടുമുടിയിലെത്തി. എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാല് പതിറ്റാണ്ടിന് ആദരമായി മധുമയമായ് പ്രത്യേക പരിപാടിയിലെ ഗാനങ്ങൾ പ്രവാസി മലയാളികൾക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കാനുള്ള ഓർമകളാണ് പകർന്നുനൽകിയത്.

ഹാർമോണിയസ് കേരളയുടെ ഭാഗമായി സംഘടിപ്പിച്ച സിങ് ആൻഡ് വിൻ മത്സരത്തിലെ വിജയികളെ വേദിയിൽ നിത്യാ മാമ്മൻ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ശ്രീറാമും ജൂനിയർ വിഭാഗത്തിൽ വഫ സാദിഖുമാണ് വിജയികളായത്. ഇരുവരും എം.ജി ശ്രീകുമാറിനൊപ്പം വേദി പങ്കിടുകയും ചെയ്തു.

ലോകനിലവാരത്തിലുള്ള ശബ്ദ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അണിയിച്ചൊരുക്കിയ നാലരമണിക്കൂർ നീണ്ട പരിപാടിക്ക് ആസ്വാദനത്തിന്‍റെ നവ്യാനുഭവം സമ്മാനിച്ചാണ് തിരശ്ശീല വീണത്. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ, സീ പേൾസ്‌ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് തുടങ്ങിയവരും പങ്കാളികളായി.

Tags:    
News Summary - Immersed in song, like Salalah...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.