മസ്കത്ത്: സാമ്പത്തിക ബാധ്യതമൂലം തടവിൽ കഴിയുന്നവരുടെ മോചനം ലക്ഷ്യമിട്ട് ഒമാനി ലോയേഴ്സ് അസോസിയേഷൻ റമദാനിൽ നടപ്പാക്കുന്ന ‘ഫാക് കുർബ’ പദ്ധതിക്ക് ഇൗ വർഷവും മികച്ച പ്രതികരണം. 673 പേരെ ഇൗ വർഷം ജയിലിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചതായി ഒമാനി ലോയേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ. മുഹമ്മദ് അൽ സദ്ജാലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുമനസ്സുകളിൽ നിന്ന് സ്വരൂപിച്ച 5.08 ലക്ഷം റിയാൽ ഉപയോഗിച്ചാണ് ഇവരുടെ മോചനം സാധ്യമാക്കിയത്. ‘ഫാക് കുർബ’യുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും മസ്കത്തിലും സലാലയിലും ഇബ്രിയിലുമൊക്കെയായി നടന്ന സന്നദ്ധ പ്രവർത്തന എക്സിബിഷനുകളിലൂടെയുമാണ് തുക ലഭിച്ചതെന്ന് മുഹമ്മദ് അൽ സദ്ജാലി പറഞ്ഞു.
ഇൗ വർഷം ദാഹിറ ഗവർണറേറ്റുകളിൽ ജയിലിൽ കഴിയുന്ന 24 പേരുടെ മോചനത്തിനാവശ്യമായ തുക ഒരാൾ നൽകി. ബർക്ക കോടതികളിൽ ശിക്ഷിക്കപ്പെട്ട 27 പേരുടെ മോചനത്തിന് വേണ്ട തുക ബർക്ക നിവാസികളും സ്വരൂപിച്ച് നൽകി. 220 പേരുടെ മോചനത്തിന് വേണ്ട തുക ബാങ്ക് മസ്കത്തും നൽകി. കഴിഞ്ഞ വർഷം ബാങ്ക് മസ്കത്ത് 190 പേരുടെ മോചനത്തിന് വേണ്ട തുക നൽകിയിരുന്നു. 2012ലാണ് പദ്ധതിക്ക് തുടക്കമായത്. ആദ്യ വർഷം 44 പേരെയാണ് മോചിപ്പിക്കാൻ സാധിച്ചത്. 2014ൽ ഇത് 304 ആയി ഉയർന്നു. 2015ൽ ഒമാനിലെ എല്ലാ ഭാഗങ്ങളിലുമുള്ള കോടതികളിൽ ശിക്ഷിക്കപ്പെട്ടവരുടെ മോചനം ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചത്. ഇതിൽ 432 പേരുടെ മോചനം സാധ്യമായി. ഇൗ വർഷം പരമാവധി 2000 റിയാൽ വരെ ബാധ്യതയുള്ളവരുടെ പണമാണ് തങ്ങൾ കൊടുത്തുവീട്ടിയതെന്നും മുഹമ്മദ് അൽ സദ്ജാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.