ഭൗതിക സുഖലോലുപതയിൽ മുഴുകി കഴിയുന്ന സാധാരണ ജനങ്ങൾക്ക് തെൻറ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് പൂർണമായ പരമാത്മ സാക്ഷാത്കാരം നേടുകയെന്ന പുണ്യമായ ഉദ്ദേശ്യമാണ് റമദാൻ വ്രതം ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായും ആത്മീയമായും പ്രാധാന്യമർഹിക്കുന്നതാണ് ഇൗ പുണ്യമാസക്കാലം. പ്രഭാതം മുതൽ പ്രേദാഷം വരെ ജലപാനമില്ലാതെ തങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഒരു മടിയുമില്ലാതെ പുഞ്ചിരിതൂകുന്ന മുഖത്തോടെ ചെയ്യുന്ന എെൻറ പ്രിയ കൂട്ടുകാർ എന്നും അതിശയം തോന്നിപ്പിക്കുന്ന ഒന്നായിരുന്നു.
ഇൗ റമദാനിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത് ജോലിചെയ്യുന്ന സ്കൂളിലെ ഒരു വ്യക്തിയാണ്. എപ്പോഴും പുഞ്ചിരി തൂകുന്ന മുഖത്തോടെ നടക്കുന്ന, ഏതുകാര്യവും ഒന്ന് പറയേണ്ട താമസം ഒരു മടിയുമില്ലാതെ ചെയ്യുന്ന ആ വ്യക്തി എന്നും എന്നിൽ കൗതുകമുണർത്തിയിരുന്നു.
ഞങ്ങൾ അദ്ദേഹത്തെ അംജത്ത് ഭയ്യാ എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്. സഹപ്രവർത്തകരും മറ്റ് ജീവനക്കാരും വ്രതാനുഷ്ഠാനത്തെ ഒരു കടമ എന്ന നിലയിൽ ചെയ്യുന്നതായാണ് തോന്നിയിട്ടുള്ളത്. മിക്ക സുഹൃത്തുക്കളും ക്ഷീണിതരായി തോന്നിയിരുന്നു. എന്നാൽ, അംജത്ത് ഭയ്യ പൂർവാധികം ഉത്സാഹവാനും സന്തോഷവാനുമായിരുന്നു. സ്വതവേ കഠിനാധ്വാനിയായ അദ്ദേഹം നോമ്പുകാലത്ത് പൂർവാധികം ഉത്സാഹത്തോടെയാണ് കാര്യങ്ങൾ ചെയ്തിരുന്നത്. നോമ്പ് നോൽക്കാത്ത ജീവനക്കാർക്കായി ഒരുമുറി ഒരുക്കി അതിൽ വേണ്ട എല്ലാ സൗകര്യങ്ങളും അദ്ദേഹം ചെയ്തുതന്നിരുന്നു. പ്രാർഥിക്കുന്ന സമയം മാത്രമാണ് അദ്ദേഹം ഒന്ന് വിശ്രമിക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്. സ്കൂളിലെ കെ.ജി വിഭാഗം പ്രധാന സ്കൂളിലേക്ക് മാറ്റുന്ന ദിവസം അവിടത്തെ സകല സാധനങ്ങളും ട്രക്കിൽനിന്നും അതത് റൂമുകളിലേക്ക് പരസഹായമൊന്നുമില്ലാതെ ഇൗ മനുഷ്യൻ ഒറ്റക്ക് മാറ്റുന്ന കാഴ്ച ശരിക്കും അതിശയമുണ്ടാക്കുന്ന ഒന്നായിരുന്നു.
ഒന്നിരിക്കുക പോലും ചെയ്യാതെയാണ് മുന്നൂറോളം കസേരകൾ അദ്ദേഹം ട്രക്കിൽനിന്ന് ഹാളിലേക്ക് എത്തിച്ചത്. ഇവിടെയാണ് പരമാത്മ സാന്നിധ്യം നാം അറിയുന്നത്. പരമകാരുണികനായ ദൈവത്തിലുള്ള അദ്ദേഹത്തിെൻറ അചഞ്ചലമായ വിശ്വാസമാണ് നോമ്പുനോറ്റ് കഠിനമായ ജോലികൾ ചെയ്യാൻ അദ്ദേഹത്തിന് കരുത്തുപകരുന്നതെന്ന് നിസ്സംശയം നമുക്ക് ഉറപ്പിക്കാം. വ്രതാനുഷ്ഠാനത്തിലൂടെ നമ്മുടെ മനസ്സും ശരീരവും ശുദ്ധമാകുന്നു. അങ്ങനെ നമ്മിലെ ആത്മചൈതന്യത്തെ പരമാത്മാവുമായി സംയോജിപ്പിക്കാൻ സഹായിക്കുന്നു. ഇതുപോലെ എത്രയോ അംജത്ത് ഭയ്യമാർ എെൻറ അറിവിനപ്പുറം ഉണ്ടാകും. അവർക്കെല്ലാം എെൻറ അന്തരാത്മാവിൽനിന്ന് നൂറ് സ്നേഹപൂക്കൾ അർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.