മസ്കത്ത്: ദുബൈ മർക്കന്റൽ എക്സ്ചേഞ്ചിൽ ഒമാൻ അസംസ്കൃത എണ്ണവില 1.16 ഡോളർ ഒറ്റയടിക്ക് വർധിച്ച് ബാരലിന് 85 ഡോളറിന് അടുത്തെത്തി. തിങ്കളാഴ്ച 84.94 ഡോളറായിരുന്നു ഒമാൻ എണ്ണവില. കഴിഞ്ഞ കുറെ ദിവസമായി ഒമാൻ എണ്ണവില ഉയർന്നുതന്നെ വരുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ബാരലിന് 82.3 ഡോളറും വ്യാഴാഴ്ച 82.9 ഡോളറുമായിരുന്നു ഒമാൻ അസംസ്കൃത എണ്ണവില. ഏറെ കാലത്തിന് ശേഷമാണ് എണ്ണവില ഇത്രയും ഉയരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 26ന് 84 ഡോളർ കടന്നിരുന്നു. എന്നാൽ, സമാനമായ ഉയർന്ന വില സമീപകാലത്തൊന്നും കിട്ടിയിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ എണ്ണവില 84 കടന്നെങ്കിലും ക്രമേണ കുറഞ്ഞു വരുകയായിരുന്നു. ഒരു മാസം മുമ്പ് ബാരലിന് 73.24 ഡോളറായിരുന്നു വില. ഒരു മാസംകൊണ്ട് ബാരലിന് പത്ത് ഡോളറാണ് വർധിച്ചത്.
ഒമാൻ എണ്ണവില വർധിക്കുന്നത് രാജ്യത്തിെൻറ സാമ്പത്തിക മേഖലക്ക് അനുകൂല ഘടകമാവും. 2022 ബജറ്റ് അസംസ്കൃത എണ്ണവില ബാരലിന് 50 ഡോളർ എന്ന വിലയുടെ അടിസ്ഥാനത്തിലാണ് തയാറാക്കിയിരിക്കുന്നത്. എണ്ണവില ഉയരുന്നത് ബജറ്റ് കമ്മി കുറക്കാനും ഒമാൻ ബജറ്റ് മിച്ച ബജറ്റായി മാറാനും സഹായകമാവും. ഇനിയും വില വർധിക്കുന്നത് ഒമാനിലെ വികസന പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടാൻ സഹായകമാവും. എണ്ണവില ഉയർന്നുതന്നെ നിൽക്കുകയാണെങ്കിൽ അത് രാജ്യത്തെ വൻ പുരോഗതിയിലേക്ക് നയിക്കുമെന്നും രാജ്യത്തിന് വൻ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ലോക രാജ്യങ്ങളിൽ എണ്ണയുടെ ഡിമാൻഡ് വലിയ തോതിൽ വർധിച്ചതാണ് വില കുതിച്ചുയരാൻ കാരണം. കോവിഡ് പ്രതിസന്ധി കാരണം എണ്ണയുടെ ആവശ്യം വൻ തോതിൽ വർധിച്ചിരുന്നു. കോവിഡ് കാലത്ത് വൈദ്യുതി അടക്കമുള്ള ഉൽപാദനം കുറയുകയും ഖനി മേഖലയിലടക്കം പ്രതിസന്ധി പടരുകയും ചെയ്തതോടെ ഊർജ പ്രതിസന്ധി തീർക്കാൻ ലോകത്തിന് എണ്ണയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. വൈദ്യുതിയും മറ്റു രീതിയിലുള്ള ഊർജ പദ്ധതികളും കുറഞ്ഞതോടെ ഫാക്ടറികളടക്കം നിരവധി സ്ഥാപനങ്ങൾ എണ്ണയെ ആശ്രയിച്ചുവരുകയാണ്. എന്നാൽ, എണ്ണയുടെ വില വൻ തോതിൽ വർധിച്ചെങ്കിലും എണ്ണ ഉൽപാദന രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കാൻ തയാറായിട്ടില്ല. ഒപെകും എണ്ണ ഉൽപാദനം വലിയ തോതിൽ വർധിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഒപെക് രാജ്യങ്ങൾക്കൊപ്പം റഷ്യയും സമാന നിലപാടാണ് എടുക്കുന്നത്. ഇതാണ് എണ്ണവില വർധിക്കാൻ പ്രധാന കാരണം. ഒപെകും മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങളും ഉൽപാദനം വർധിപ്പിച്ചില്ലെങ്കിൽ ഒമാൻ എണ്ണവില ഇനിയും ഉയരാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.