മസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണ വില ബാരലിന് 63.26 ഡോളർ എന്ന വിലയിലെത്തി. ഏതാനും ദിവസങ്ങളായി എണ്ണവിലയിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച 2.37 ഡോളാറാണ് ഒരു ബാരൽ ഒമാൻ എണ്ണക്ക് കുറഞ്ഞത്. എണ്ണ രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉൽപാദനം വർധിപ്പിച്ചതാണ് വില കുറയാൻ പ്രധാന കാരണം. അതോടൊപ്പം ചൈന അടക്കമുള്ള രാജ്യങ്ങളിൽ ആവശ്യകത കുറഞ്ഞതും വില കുറയാൻ കാരണമായിട്ടുണ്ട്. ആഗോള തലത്തിലെ സാമ്പത്തിക പ്രതിസന്ധിയും എണ്ണ ഉപയോഗം കുറക്കാൻ കാരണമായിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ ഉരുണ്ട് കൂടുന്ന സംഘർഷവും സാരമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഒമാൻ എണ്ണക്ക് ഇപ്പോൾ ലഭിക്കുന്നത്. 2022 ഫെബ്രുവരിയിൽ ഒമാൻ എണ്ണവില ബാരലിന് 100 ഡോളർ കടന്നിരുന്നു. റഷ്യയുടെ യുക്രൈയ്ൻ ആക്രമണത്തോടെയാണ് എണ്ണ വില കുത്തനെ വർധിച്ചത്. എന്നാൽ ഇതിന് ശേഷം പതിയെ കുറഞ്ഞു. ഏറെ കാലം എണ്ണ വില ബാരലിന് 70 -80 ഡോളറിന് ഇടയിലായിരുന്നു. എന്നാൽ ഏതാനും ആഴ്ചകളായി എണ്ണ വില വല്ലാതെ താഴുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 2.2 ശതമാനം കുറവാണ് ഉണ്ടായത്.
എണ്ണ വില കുറയാൻ പ്രധാന കാരണം കഴിഞ്ഞ അഞ്ചു വർഷമായി നില നിന്നിരുന്ന ഒപെകിന്റ എണ്ണ ഉൽപാദന നിയന്ത്രണം എടുത്തുകളഞ്ഞതാണ്. എണ്ണ വില പിടിച്ചു നിർത്താൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾ ഉത്പാദനം ഗണ്യമായി കുറച്ചിരുന്നു. എന്നാൽ അടുത്തിടെ ഇറാഖ്, കസാക്കിസ്താൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ എണ്ണ ഉൽപാദനം വർധിപ്പിച്ചിരുന്നു. കസാക്കിസ്താൻ 9.7 ശതമാനം കൂടുതൽ എണ്ണയാണ് ഉൽപാദിപ്പിക്കുന്നത്. ഒപെകിന്റെ എണ്ണ ഉൽപാദന വർധിപ്പിക്കാനുള്ള തീരുമാനം ആഗോള മാർക്കറ്റിൽ ആവശ്യത്തിലും കൂടുതലാവാൻ കാരണമായി. ചൈനയിൽ വ്യവസായിക മേഖലയിലടക്കം വൻ സാമ്പത്തിക മുരടിപ്പാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ആറു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വ്യവസായിക വളർച്ചയാണ് ചൈനയിലുള്ളത്.
ഇത് കാരണം ചൈനയിൽ എണ്ണ ഉപയോഗം കുറഞ്ഞിരിക്കുകയാണ്. ആഗോള തലത്തിൽ ട്രംപ് നയത്തെ തുടർന്ന് സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്നത് എണ്ണ ഉപയോഗത്തിന്റെ കുറവിന് കാരണമാക്കിയിട്ടുണ്ട്. കൂടാതെ മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രയേൽ തമ്മിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യവും സാമ്പത്തിക വളർച്ചക്ക് തട ഇടുന്നുണ്ട്. ഇതും എണ്ണ ഉപയോഗം കുറക്കാൻ കാരണമാക്കുകയും വിലയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.