ഒമാ​ന്റെ മധ്യസ്ഥത; അമേരിക്കയും ഹൂതികളും വെടിനിർത്തൽ കരാറിൽ എത്തി

മസ്കത്ത്: അമേരിക്കയും യമനിലെ ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തി. ഒമാ​ന്റെ മധ്യസ്ഥതയെ തുടർന്നാണ് ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. അമേരിക്കയുമായും യെമനിലെ സൻആയിൽ ബന്ധപ്പെട്ട അധികാരികളുമായും നടത്തിയ സമീപകാല ചർച്ചകൾക്കും ഇടപെടലുകൾക്കും ശേഷമാണ് കരാറിലെത്താൻ കഴിഞ്ഞതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്‍തമാക്കി.

കരാർ പ്രകാരം, ചെങ്കടലിലും ബാബ് അൽ-മന്ദാബ് കടലിടുക്കിലും അമേരിക്കൻ കപ്പലുകൾ ഉൾപ്പെടെ ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേർപ്പെടില്ല. ഇതുവഴി നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുകയും അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുകയും ചെയ്യും.

വെടിനിർത്തലിലേക്ക് നയിച്ച ക്രിയാത്മക സമീപനത്തിന് ഇരു കക്ഷികളെയും ഒമാൻ അഭിനന്ദിച്ചു. നീതി, സമാധാനം, എല്ലാവർക്കും അഭിവൃദ്ധി എന്നീ പൊതു ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ പ്രാദേശിക വിഷയങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട കപ്പൽ പാതകൾ തടസ്സപ്പെടുത്തുന്നത് നിർത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ ഹൂതികൾക്ക് നേരെയുള്ള ബോംബാക്രമണം യു.എസ് നിർത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചാണ് ഹൂതികൾ കപ്പലുകൾക്ക് നേരെ ആക്രമണം തുടങ്ങിയത്. അന്ന് മുതൽ സ്തംഭിച്ച ഏദൻ കടലിടുക്കിലൂടെ ബാബ് അൽ മന്ദബ് വഴി പ്രവേശിച്ച് സൂയസ് കനാലിലൂടെ യൂറോപ്പിലേക്ക് പോകുന്ന പാത പഴയ പടി ആയിരുന്നില്ല.

കപ്പലുകൾ ഈ റൂട്ട് ഒഴിവാക്കി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദിവസങ്ങൾ കുടുതൽ യാത്ര ചെയ്താണ് സഞ്ചരിച്ചത്. യമന്റെ ഭൂരിഭാഗവും നിലവിൽ ഹൂതി നിയന്ത്രണത്തിലാണ്. ഗസ്സക്ക് അനുകൂലമായി വൻ പ്രതിഷേധം ഇവിടെ നടക്കുന്നുണ്ട്. എന്നാൽ, കരാർ നിലവിൽ വന്നതോടെ അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും യാത്ര പഴപോലെ തുടരാനാകും.

Tags:    
News Summary - Oman mediated; US and Houthis reach ceasefire agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.