മസ്കത്ത്: ഇസ്രായേൽ ആക്രമണം ശക്തമായി തുടരുന്നതിനാൽ ഫലസ്തീനികൾക്ക് പരമാവധി സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി കുവൈത്തും ഒമാനും. കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെത്തിയതായിരുന്നു ഒമാൻ വിദേശകാര്യ മന്ത്രി. പ്രഖ്യാപിത അതിർത്തികൾ സഹിതം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ഫലസ്തീനികളുടെ അവകാശം ഉറപ്പാക്കാൻ കുവൈത്തും മസ്കത്തും ഒരുപോലെ പ്രതിജ്ഞാബദ്ധരാണെന്നും ഇരുവരും വ്യക്തമാക്കി.
കൂടിക്കാഴ്ചയിൽ വിവിധ ഉഭയകക്ഷി കരാറുകളിൽ ഇരുവരും ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള നിലവിലെ സംഭവങ്ങൾ ഇരുവരും ചർച്ച ചെയ്തു. കുവൈത്തും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ തലങ്ങളിലേക്ക് നയിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി. പരിസ്ഥിതി, വ്യാപാരം മുതൽ വിദ്യാഭ്യാസം വരെയുള്ള നിരവധി പുതിയ ഉഭയകക്ഷി കരാറുകളും ചർച്ചയിൽ വന്നു. രാജ്യങ്ങൾക്കിടയിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഗൾഫ് മേഖലക്കാകെ പ്രയോജനകരമാണെന്നും വിദേശകാര്യ മന്ത്രിമാർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.