മസ്കത്ത്: അത്യുഷ്ണത്തിൽ നാടും നഗരവും വെന്തുരുകുന്നു. തുടർച്ചയായ രണ്ടാം ദിനവും രാജ്യത്ത് താപനില ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബർകയിലായിരുന്നു. 48.1 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ അനുഭവപ്പെട്ട ചൂട്.
47.8 ഡിഗ്രി സെൽഷ്യസുമായി ഹംറ അദ് ദുരുവാണ് തൊട്ടുപിന്നിൽ. റുസ്താഖിൽ 47.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സുനൈന, സുഹാർ 47.4 , ബിദ്ബിദ് 47.2, സഹം, ബുറൈമി- 47 ഡിഗ്രി സെൽഷ്യസുണ് മറ്റിടങ്ങളിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട ചൂട്. ചൂട് കനത്തതിനാൽ പെരുന്നാൾ അവധിയായിട്ടും പലരും പുറത്തിറങ്ങാൻ മടിക്കുകയാണ്. പ്രാദേശിക ടൂറിസം സ്ഥലങ്ങളിലെല്ലാം വലിയ തിരക്കനുഭവപ്പെടുന്നില്ല.
എന്നാൽ, ബീച്ചുകളിലേക്കും മറ്റു പ്രകൃതിദത്തമായ തടാകളങ്ങളിലേക്കും മറ്റുമാണ് കൂടുതലാളുകളെത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതുയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. കനത്ത ചൂടിന്റെ പശ്ചാതലത്തിൽവേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നു.
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കണം, പ്രത്യേകിച്ച് വൈകീട്ട് മൂന്ന് മുതൽ നാലുവരെയുള്ള സമയങ്ങളിൽ. പുറത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ സൂര്യാഘാതം, ക്ഷീണം, ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ ഒഴിവാക്കാനായി ശ്രദ്ധ ചെലുത്തണം.
ഉച്ചതിരിഞ്ഞുണ്ടാകുന്ന ശക്തമായ ചൂട് ഏൽക്കാതിരിക്കാൻ വിശ്രമം അനുവദിക്കുന്ന തരത്തിൽ ജോലിസമയം ക്രമപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂടുകാലത്ത് ആളുകൾ തണുത്ത വെള്ളത്തിൽ കുളിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണമെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, ഇടക്കിടെ വെള്ളം കുടിക്കുക, അമിതമായ കഫീനും പഞ്ചസാരയും ഒഴിവാക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവ ചൂടുകാലത്ത് സ്വീകരിക്കാവുന്ന കാര്യങ്ങളാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.