ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷ; ഒമാൻ - ഇറാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

മസ്കത്ത്: പ്രാദേശിക സുരക്ഷയും ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ ഉന്നതതല ചർച്ച നടത്തി. മേഖലയിൽ നിലനിൽക്കുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.

ശനിയാഴ്ച മസ്കത്തിൽ വെച്ചാണ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ പുതിയ ചലനങ്ങളും ഇരുനേതാക്കളും അവലോകനം ചെയ്തതു.

ആഗോള ഊർജ-വ്യാപാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളിലായിരുന്നു ചർച്ച പ്രധാനമായും കേന്ദ്രീകരിച്ചത്.

പ്രാദേശിക സംഘർഷങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുമന്ത്രിമാരും ആശയവിനിമയം നടത്തി. തർക്കങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും ചർച്ചയും നയതന്ത്രവുമാണ് ഒമാൻ എപ്പോഴും തെരഞ്ഞെടുക്കുന്നതെന്ന് കൂടിക്കാഴ്ചയിൽ സയ്യിദ് ബദർ ആവർത്തിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമീപകാല ധാരണകൾ പൂർണമായി നടപ്പാക്കുന്നത് സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും മേഖലയിൽ സുസ്ഥിര സാഹചര്യമൊരുക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    
News Summary - Oman-Iran Foreign Ministers discuss maritime security in the Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.