എന്റെ ഫുട്ബാൾ ലോകം: അജ്ഞതയിൽനിന്ന് ആവേശത്തിലേക്ക്

കോടിക്കണക്കിന് മനുഷ്യർ ഒരൊറ്റ പന്തിലേക്ക് തങ്ങളുടെ ആത്മാവിനെ കോർത്തിണക്കുന്ന ഈ സുന്ദരമായ കാലത്താണ് ഒരു പെണ്ണ് എന്ന നിലയിൽ എന്റെ ജീവിതത്തിലേക്ക് ഈ കളി കടന്നു കയറിയ വഴികളെക്കുറിച്ച് ഞാൻ ഓർത്തു പോകുന്നത്.

ചെറുപ്പത്തിൽ ഫുട്ബാൾ എന്നാൽ എനിക്ക് തികച്ചും അപരിചിതമായ ആണുങ്ങളുടെ മാത്രമായ ഒരു ലോകമായിരുന്നു. കുറേപേർ ഒരു പന്തിന്റെ പുറകെ ഓടുന്നതിൽ എന്തു രസമാണുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ട്. കളി കാണാനിരിക്കുന്നവരെ ഓർത്ത് അന്ന് നെറ്റി ചുളിച്ചിട്ടുമുണ്ട്. എന്നാൽ, ചില അവിചാരിത നിമിഷങ്ങളാണ് നമ്മളെ പുതിയ ലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. എന്റെ കാര്യത്തിൽ ആ വഴിത്തിരിവ് ഉണ്ടായത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു അധ്യായത്തെ ആസ്പദമാക്കി ഫുട്ബാളിന്റെ ഒരു ആത്മകഥ എഴുതി കൊണ്ടുവരാൻ ടീച്ചർ ആവശ്യപ്പെട്ടു. ഫുട്ബോൾ മൈതാനങ്ങളും ആവേശാരവങ്ങളും ഒരു പെൺകുട്ടിയായ എനിക്ക് അന്ന് തീർത്തും അപരിചിതമായ ഒരു ലോകം ആയിരുന്നു. കളിക്കളത്തിലെ നിയമങ്ങളും പന്തിന്റെ ചലനങ്ങളും എനിക്കറിയില്ലായിരുന്നു. എങ്കിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും പ്രണയിച്ച എനിക്ക് എഴുതുക എന്നത് പ്രിയപ്പെട്ട ഒന്നായിരുന്നു.എന്റെ പ്രിയപ്പെട്ട മാമനാണ് അന്ന് തുണയായത്. എന്റെ പരിമിതമായ അറിവിലേക്ക് മാമൻ തന്റെ ഭാവനയുടെയും ഫുട്ബോൾ ആവേശത്തിന്റെയും പുതിയൊരു ലോകം തുറന്നു തന്നു. എന്റെ ഭാവനയിൽ ചാലിച്ച് വരികളിൽ സാഹിത്യത്തിന്റെ മനോഹാരിത നിറച്ച് ഞാനന്ന് ആത്മകഥ എഴുതി തീർത്തു. ഫുട്ബാളിനെ കുറിച്ചുള്ള ആദ്യപാഠം അതായിരുന്നു.

എന്റെ ജീവിതത്തിലേക്ക് ഫുട്ബാൾ യഥാർത്ഥത്തിൽ പെയ്തിറങ്ങുന്നത് വിവാഹശേഷമാണ്. കാൽപന്തുകളിയെ കുറിച്ച് അക്ഷരങ്ങൾ പോലും അറിയാതിരുന്ന ജീവിതത്തിലേക്ക് ഫുട്ബാളിനെ നെഞ്ചേറ്റിയ ഒരാൾ കടന്നു വരുന്നു. അദ്ദേഹത്തിന്റെ ആ വലിയ ഇഷ്ടത്തെ ബഹുമാനിച്ചും ആ സന്തോഷത്തിൽ പങ്കുചേരാനും വേണ്ടി ഞാനും കാൽപന്തുകളിയെ സ്നേഹിച്ചു തുടങ്ങി. ജോലിത്തിരക്കുകൾക്കിടയിലും മസ്കത്തിലെ കളിക്കളത്തിൽ അദ്ദേഹം പന്തുമായി ഇറങ്ങുമ്പോൾ ഗാലറിയിലോ മൈതാനത്തിന്റെ വശങ്ങളിലോ ഇരുന്ന് അദ്ദേഹത്തിന് നൽകുന്ന പിന്തുണയും പ്രോത്സാഹനവും വളരെ മനോഹരമായ ഒരു അനുഭവം ആണ്. ഓരോ ടൂർണമെന്റിന് ഇറങ്ങുമ്പോഴും അദ്ദേഹത്തിന്റെ ടീം തന്നെ ജയിക്കണമെന്ന ആവേശമാണ് ഞാൻ മനസ്സുകൊണ്ട് നേരിട്ട ലോകകപ്പ്.

2014 ലെ ആ ലോകകപ്പ് കാലം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു അധ്യായമാണ്. മസ്കത്തിലെ ഞങ്ങളുടെ ചെറിയ ഫ്ലാറ്റിൽ ടിവി സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്ന് ഞങ്ങൾ ഒരുമിച്ച് കണ്ട ആദ്യത്തെ ലോകകപ്പ് ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. ഒരുമിച്ചിരുന്ന് കളി കാണുന്നതിന്റെ സന്തോഷവും ആവേശവും എന്താണെന്ന് ഞാൻ ആദ്യമായി അനുഭവിച്ചറിഞ്ഞത് അപ്പോഴാണ്. കളിക്കളത്തിലെ നിയമങ്ങളും തന്ത്രങ്ങളും കളിക്കാരും പരിചിതമായത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്. പിന്നീട് 2018 റഷ്യൻ ലോകകപ്പ് ആയപ്പോഴേക്കും കാൽപന്തുകളി ആസ്വാദനത്തിൽനിന്ന് ആവേശത്തിലെത്തി. ഇതിനിടയിൽ എപ്പോഴോ റൊണാൾഡോയും മെസ്സിയും നെയ്മർ ഒക്കെ കളിക്കളത്തിൽ തീർത്ത മാന്ത്രിക ചുവടുകൾ മനസ്സിനെ ഏറെ സ്വാധീനിച്ചു. 2022ലെ ഖത്തർ ലോകകപ്പ് ഞങ്ങൾക്ക് സമ്മാനിച്ചത് അതുവരെ അനുഭവിക്കാത്ത ഒരു പുതിയ ആവേശമായിരുന്നു. അന്നാണ് വീട്ടിലെ സ്ക്രീനിൽ നിന്നും മാറി പുറത്തേ വലിയ സ്ക്രീനിൽ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പം ഒരു വലിയ സ്ക്രീനിൽ ആ മഹാമേളയുടെ ഫൈനൽ പോരാട്ടം കാണുന്നത്. മസ്കത്തിലെ തണുത്ത സായാഹ്നത്തിൽ സൗഹൃദങ്ങളുടേ വലിയ കൂട്ടായ്മയ്ക്കൊപ്പം ശ്വാസം അടക്കിപ്പിടിച്ചു കണ്ട ആ ഫൈനൽ പോരാട്ടം പ്രവാസി ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ഉത്സവമാണ്. അന്നത്തെ ലോക കപ്പ് മത്സരങ്ങളിൽ റൊണാൾഡോക്കുണ്ടായ തോൽവിയും ഒറ്റപ്പെടലും ഓർക്കുമ്പോൾ വല്ലാത്ത നോവാണ്.

ഇന്ന് ഞങ്ങളുടെ വീടും മറ്റൊരു ലോകകപ്പ് വേദിയാവുകയാണ്. വളർന്നുവരുന്ന എന്റെ മൂന്ന് മക്കളും കടുത്ത ഫുട്ബോൾ ആരാധകരാണ്. ഓരോരുത്തർക്കും നെഞ്ചിലേറ്റാൻ വ്യത്യസ്ത ടീമുകളും താരങ്ങളും ഉണ്ട്. കളി നടക്കുമ്പോൾ വീട്ടിൽ ഉയരുന്ന ആർപ്പുവിളികളും കൊച്ചുകൊച്ചു തർക്കങ്ങളും ഒടുവിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ച് ഒരേ ആവേശ ത്തോട് കളിയിലേക്ക് ലയിക്കുന്നതും എല്ലാം ഇമ്പമുള്ള നിമിഷങ്ങളാണ്. ഒരു പെൺകുട്ടി എന്ന നിലയിൽ ഫുട്ബോളിനോട് പൊരുത്തപ്പെടാൻ കഴിയാതിരുന്ന ആ പഴയ ഏഴാം ക്ലാസുകാരിയിൽ നിന്നും ഇന്നു ലോക കപ്പിനായി കാത്തിരിക്കുന്ന ഈ അമ്മയിലേക്കുള്ള ദൂരം- അതാണ് ഫുട്ബോൾ എന്റെ ജീവിതത്തിൽ തീർത്ത ഏറ്റവും മനോഹരമായ ഗോൾ. പ്രായമോ ലിംഗ ഭേദമോ ഒന്നുമല്ല, ഹൃദയം കൊണ്ട് തൊട്ടറിഞ്ഞാൽ ഫുട്ബോൾ ആർക്കും തങ്ങളുടെ പ്രിയപ്പെട്ടതാക്കി മാറ്റാമെന്ന് ഈ 2026ൽ ഞാൻ തിരിച്ചറിയുന്നു. 

Tags:    
News Summary - My World of Football: From Ignorance to Passion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.