ദോഫാർ ഖരീഫ് സന്ദർശനത്തിനിടെ റീൽസ് എടുക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നടപടി ഉറപ്പ് !

സലാല: ഒമാനിലെ സലാല ഉൾപ്പെടുന്ന ദോഫാറിലിപ്പോൾ ഖരീഫ് സീസണിന്റെ കാലമാണ്. കേരളത്തെ പോലെ നൂൽമഴയും വെള്ളച്ചാട്ടങ്ങളും പച്ചപ്പുമൊക്കെയായി ദോഫാർ കുളിരണിയുന്നകാലം. സന്ദർശനത്തോടൊപ്പം വശ്യഭംഗിയാർന്ന പ്രകൃതിയുടെ കാഴ്ചകൾ റീലുകളായി ഫോണിൽ പകർത്തുന്നവരാണ് മിക്കവരും. എന്നാൽ, ഖരീഫ് സീസണിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി.

ദോഫാർ ഗവർണറേറ്റിൽ അനുമതിയില്ലാതെ വന്യജീവികളെ പിന്തുടരുന്നതും അവയുടെ സ്വാഭാവിക പ്രകൃതിയിൽ വെച്ച് ചിത്രീകരിക്കുന്നതും നിയമലംഘനമാണെന്ന് പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകി. വന്യജീവികളുടെ സുരക്ഷക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

 

സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് നിർമിക്കുന്നതിനായി ചില ഇൻഫ്ലുവൻസർമാരും ക്രിയേറ്റർമാരും വന്യജീവികളെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കർശന മുന്നറിയിപ്പ് നൽകുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ തികച്ചും നിരുത്തരവാദപരവും വന്യജീവികളുടെ നിലനിൽപ്പിന് ദോഷകരവുമാണ്. മനുഷ്യരുടെ ഇത്തരം ഇടപെടലുകൾ വന്യമൃഗങ്ങളിൽ ഭയവും മാനസിക സമ്മർദവും ഉണ്ടാക്കുകയും അവയുടെ സ്വാഭാവിക പെരുമാറ്റത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

ഇത് മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമായേക്കാം. കൂടാതെ, വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ അസ്വസ്ഥമാക്കുന്നത് പരിസ്ഥിതി സന്തുലനാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും അതോറിറ്റി വിശദീകരിച്ചു. രാജകീയ ഉത്തരവ് നമ്പർ- 6/2003 പ്രകാരം പുറപ്പെടുവിച്ച ‘നാച്ചുറൽ റിസർവ്സ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ’ നിയമത്തിന്റെ ലംഘനമാണ് .

മുൻകൂർ അനുമതിയില്ലാതെയുള്ള ഇത്തരം ചിത്രീകരണങ്ങൾ. പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാൻ ബന്ധപ്പെട്ട മറ്റ് സുരക്ഷാ വകുപ്പുകളുമായി ഏകോപനം നടത്തിവരികയാണെന്നും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പരിസ്ഥിതി അതോറിറ്റി കൂട്ടിച്ചേർത്തു. ദോഫാറിൽ വാർഷിക ഖരീഫ് (മൺസൂൺ) സീസൺ സജീവമായിരിക്കെ, വൻതോതിൽ സഞ്ചാരികൾ എത്തുന്ന ഈ സമയത്ത്, ദോഫാറിലെ തനതായ പ്രകൃതിഭംഗിയും വന്യജീവി സമ്പത്തും സംരക്ഷിക്കാൻ എല്ലാ സന്ദർശകരും കണ്ടന്റ് ക്രിയേറ്റർമാരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നിയമങ്ങൾ പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

Tags:    
News Summary - Are you filming Reels during your Dhofar Khareef visit? Take note of this, or action is guaranteed!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.