മസ്കത്ത്: നിർധനരായ അർബുദ രോഗികൾക്ക് ചികിത്സ സഹായ പദ്ധതിയുമായി മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. ‘തണൽ’ ജീവകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കാരുണ്യത്തിെൻറ കരസ്പർശം’ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപവരെയാണ് സഹായം നൽകുക. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം ലഭിക്കും. ധനസഹായത്തിനായി പൂർണ വിവരങ്ങളടങ്ങിയ അപേക്ഷ വൈദ്യ പരിശോധനാ റിപ്പോർട്ട്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പ് സഹിതം 2017 നവംബർ 30ന് മുമ്പായി ‘The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman’ എന്ന വിലാസത്തിൽ ലഭിക്കണം. റുവി സെൻറ്. തോമസ് ചർച്ചിൽ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജേക്കബ് മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ ‘അർബുദം; കാരണങ്ങളും പ്രതിരോധ മാർഗങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി റോയൽ ഒമാൻ ആശുപതിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. റോസി കെ. ആൻറണി പ്രഭാഷണം നടത്തി. ഹൃദ്രോഗം, പക്ഷാഘാതം, സാംക്രമിക രോഗങ്ങൾ പോലെ മരണ കാരണമായേക്കാവുന്ന മറ്റേതൊരു രോഗമായി മാത്രമേ അർബുദത്തെയും സമീപിക്കേണ്ടതുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു.
ചടങ്ങിൽ മലങ്കര സഭാ മാനേജിങ് കമ്മിറ്റി അംഗവും സംരംഭകനുമായ ഗീവർഗീസ് യോഹന്നാനിൽനിന്ന് പദ്ധതിക്കായുള്ള ആദ്യ സംഭാവന സ്വീകരിച്ചു. അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വർഗീസ്, ട്രസ്റ്റി മാത്യു വർഗീസ്, സെക്രട്ടറി മനോജ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം ബോബൻ തോമസ്, തണൽ പദ്ധതി കൺവീനർ ബിജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.