സംഗീതത്തിന്‍െറ അനന്തലോകത്ത്  ചുവടുറപ്പിച്ച് ഈ കുട്ടിക്കൂട്ടം 

മസ്കത്ത്: കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മറ്റു ഗള്‍ഫ്നാടുകളെ അപേക്ഷിച്ച് മസ്കത്തിലും ഒമാനിലും അവസരങ്ങളും വേദികളും താരതമ്യേന കുറവാണ്. തങ്ങളുടെ മക്കള്‍ക്ക് വേദി ലഭിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്ത കാറിലിയോണ്‍ അലവിയിലെ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലിചെയ്യുന്ന പാലക്കാട് തൃത്താല സ്വദേശി സൂരജിനെയും തൃശൂര്‍ സ്വദേശി ജേസണ്‍ നീലങ്കാവിനെയും കൊണ്ടത്തെിച്ചത് കുട്ടികളുടെ ബാന്‍ഡ് എന്ന ചിന്തയിലാണ്. ഇന്‍ഫിനിറ്റി എന്ന പേരില്‍ 2015 ഡിസംബറില്‍ പിറവിയെടുത്ത ഈ കുട്ടിബാന്‍ഡ് ഇന്ന് ബാലാരിഷ്ടതകള്‍ പിന്നിട്ടുള്ള പ്രയാണത്തിലാണ്. 
സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയുമൊക്കെ മക്കളായ 15ഓളം കുട്ടികളാണ് ഈ ബാന്‍ഡ് സംഘത്തിലുള്ളത്. ദാര്‍സൈത്ത്, മസ്കത്ത്, ഗൂബ്ര സ്കൂളുകളിലെ അഞ്ചുമുതല്‍ പത്തുവരെ ക്ളാസുകളില്‍ പഠിക്കുന്ന ഈ കുട്ടിക്കൂട്ടം ഇംഗ്ളീഷ്, മലയാളം, ഹിന്ദി പാട്ടുകള്‍ വേദിയില്‍ അവതരിപ്പിക്കാറുണ്ട്.  വയലിന്‍, കീബോര്‍ഡ്, ഡ്രംസ് തുടങ്ങിയ വാദ്യോപകരണങ്ങളും തന്‍മയത്വത്തോടെ ഇവര്‍ കൈകാര്യംചെയ്യുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പത്തു വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചു. കഴിഞ്ഞദിവസം വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് ഹാളില്‍ ഒ.പി. ജയരാജ് രചിച്ച ഗാനങ്ങളുടെ സീഡി പ്രകാശന വേദിയിലാണ് ഒടുവിലായി സംഘം പരിപാടി അവതരിപ്പിച്ചത്. ബാന്‍ഡിന് രൂപം കൊടുക്കുമ്പോള്‍ വലിയ പ്രതീക്ഷയില്ലാതിരുന്ന രക്ഷാകര്‍ത്താക്കളും ഇന്ന് സംതൃപ്തിയിലാണ്. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ആശുപത്രിയില്‍ അസുഖമായി കിടക്കുന്ന കുട്ടികള്‍ക്കായി സംഗീതവിരുന്ന് നടത്താനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചുമിടുക്കന്മാര്‍.  ഒരു സാമ്പത്തിക ലാഭവും ലക്ഷ്യമാക്കാതെയുള്ള ഈ കുട്ടി സംഘത്തെ പരിപാടികളിലേക്ക് ക്ഷണിക്കാന്‍ സംഘാടകരും മടികാണിക്കാറില്ല. 
സംഗീതവും പാട്ടുമൊക്കെയായി നടക്കുമ്പോള്‍ തങ്ങളുടെ പഠനവിഷയങ്ങളില്‍ ഉഴപ്പാന്‍ ഇവര്‍ തയാറല്ല. സ്കൂള്‍ ഹോം വര്‍ക്കുകളും മറ്റും സമയത്തിന് തീര്‍ത്ത് വാരാന്ത്യങ്ങളില്‍ ഓരോ വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പരിശീലനം. പേരിനെ അന്വര്‍ഥമാക്കി അതിര്‍വരമ്പുകളില്ലാത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Tags:    
News Summary - oman band

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.