മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ടൂറിസം ഫോറമായ ഐ.ടി.ബി ബർലിൻ കൺവെൻഷനിൽ പങ്കാളിയായി ഒമാനും. ഐ.ടി.ബി ബർലിൻ 2024ന്റെ ഔദ്യോഗിക പങ്കാളിയായാണ് സുൽത്താനേറ്റ് സംബന്ധിക്കുന്നത്. ഒമാനിലെ ട്രാവൽ, ടൂറിസം വ്യവസായം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കാനുമുള്ള പ്രധാന അവസരമാണ് ഈ പരിപാടി.
വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതിലും പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അതിന്റെ റാങ്ക് ഉയർത്തുന്നതിലും രാജ്യത്ത് വാഗ്ദാനമായ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള സുൽത്താന്റെ പ്രതിബദ്ധതയെ ഊന്നിപ്പറയുകയാണ് ഈ പങ്കാളിത്തത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
സുൽത്താനേറ്റിന്റെ പ്രതിനിധി സംഘത്തെ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖിയാണ് നയിക്കുന്നത്. അന്താരാഷ്ട്ര ഫോറങ്ങളിൽ രാജ്യത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 70ഓളം ടൂറിസ്റ്റ് കമ്പനികളും ഹോട്ടലുകളും സംരംഭങ്ങളും ഈ പരിപാടിയിൽ ഒമാനെ പ്രതിനിധീകരിക്കും.
ടൂറിസം മേഖലയെ ശാക്തീകരിക്കാൻ വിവിധ കക്ഷികൾ നടത്തുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഐ.ടി.ബി ബർലിന്റെ ഈ പതിപ്പിൽ ഒമാൻ പങ്കാളിത്തം വഹിക്കുന്നതെന്ന് അൽ മഹ്റൂഖി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.