ഇന്ത്യൻ സ്കൂൾ ബുറൈമിയിലെ വിദ്യാർഥികൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തപ്പോൾ
ബുറൈമി: ഒമാൻ കൃഷിക്കൂട്ടം ഇന്ത്യൻ സ്കൂൾ ബുറൈമിയുമായി ചേർന്ന് പതിവുപോലെ കുട്ടികൾക്കായി ‘ദ ലിറ്റിൽ ഗ്രീൻ ഫിംഗേഴ്സ്’ എന്ന മത്സരം സംഘടിപ്പിക്കുന്നു.
വരും തലമുറ മണ്ണിന്റേയും കൃഷിയുടെയും പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം കുട്ടികളുടെ മുന്നിലേക്ക് എത്തുന്നത്.
കാറ്റഗറി അനുസരിച്ച് മത്സരാർഥികൾക്കുള്ള പച്ചക്കറി തൈകൾ സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ശാന്തകുമാർ ദശരി കുട്ടികൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ കൃഷിക്കൂട്ടം ബുറൈമി അഡ്മിന്മാരായ ശ്രീജിത്ത്, നിഷാദ്, ധന്യ, അംഗങ്ങളായ റോഷ്, സനില, ഷാജി എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
മൂന്ന് കാറ്റഗറിയായി തിരിച്ചാണ് ഈ മത്സരം നടത്തുന്നത്. ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ഒരു തക്കാളി തൈ, നാല് മുതൽ ആറ് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് തക്കാളി, വഴുതന തൈകളും, ഏഴ് മുതൽ പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് തക്കാളി, വഴുതന, വെണ്ട എന്നിവയുടെ തൈകളുമാണ് ഒമാൻ കൃഷിക്കൂട്ടം നൽകിയത്.
ജനുവരി പതിനൊന്ന് മുതൽ ഏപ്രിൽ അഞ്ച് വരെയാണ് മത്സരം നടക്കുന്നത്. ഈ കാലയളവിൽ ചെടി നടുന്നത് തുടങ്ങി അതിന്റെ വളർച്ച, പരിചരണം, വളപ്രയോഗം, പരിചരണം എന്നിവയെല്ലാം ഓരോ ആഴ്ചയിലും മത്സരത്തിനായി കാറ്റഗറി തിരിച്ചുള്ള വാട്സ്ആപ് ഗ്രൂപ്പിൽ ഇടേണ്ടതാണ്. ഇവയിൽ നിന്നും നല്ല ആരോഗ്യവും, വിളവുകളും കിട്ടുന്ന ചെടികൾ നട്ടു വളർത്തിയ മത്സരാർഥിയാവും ഓരോ കാറ്റഗറിയിലെയും വിജയിയാകുന്നത്.
വിജയികൾക്കുള്ള സമ്മാനദാനം ഒമാൻ കൃഷിക്കൂട്ടത്തിന്റെ അടുത്ത പൊതു ചടങ്ങിൽ നടത്തും. കഴിഞ്ഞ തവണത്തെക്കാൾ മികച്ച പ്രതികരണമാണ് ഇത്തവണ കുട്ടികളുടെ ഇടയിൽ മത്സരത്തിന് ലഭിക്കുന്നത് എന്ന് ഒമാൻ കൃഷിക്കൂട്ടം ബുറൈമി അഡ്മിൻമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.