മസ്കത്ത്: കാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പിസവും വിഴുപ്പലക്കലും നാഷനൽ കമ്മിറ്റിയുടെ പിരിച്ചുവിടലിൽ എത്തിയതോടെ ഒ.ഐ.സി.സിയിൽ പിളർപ്പ് ഉറപ്പായി. ദിവസങ്ങൾക്കുമുമ്പാണ് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയെ കെ.പി.സി.സി പിരിച്ചുവിട്ടത്. ഇതുസംബന്ധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ കത്ത് ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് പുറത്തുവിടുകയും ചെയ്തിരുന്നു. കമ്മിറ്റിയുടെ തുടർപ്രവർത്തനങ്ങൾക്കായി ഏഴംഗ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനറായ സജി ഔസേപ്പിനെയാണ് കോ അഡ്ഹോക് കമ്മിറ്റിയുടെ കോഓഡിനേറ്റർ ആക്കി നിയമിച്ചിട്ടുള്ളത്. എന്നാൽ, കമ്മിറ്റി പിരിച്ചുവിട്ടതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്ലോബൽ ചെയർമാൻ അടക്കമുള്ളവരുടെ ഗൂഢാലോചനയാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നും പിരിച്ചുവിടപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷനായ സിദ്ദീക്ക് ഹസ്സൻ ആരോപിക്കുന്നു.
പിരിച്ചു വിട്ട നടപടി പുനഃപരിശോധിക്കാത്തപക്ഷം ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി എന്ന പേരിൽ തന്നെ പ്രവർത്തനം തുടരാനാണ് ഇവരുടെ തീരുമാനം. അതേസമയം, സിദ്ദീക്ക് ഹസ്സൻ നടത്തിയത് തികഞ്ഞ അച്ചടക്കലംഘനമാണെന്നും കെ.പി.സി.സി തീരുമാനം അംഗീകരിക്കാത്ത നടപടി ധിക്കാരപരമാണെന്നുമാണ് പുതുതായി ചുമതലയേറ്റ അഡ്ഹോക് കമ്മിറ്റി കോഓഡിനേറ്റർ സജി ഔസേപ്പ് പറയുന്നത്. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറല്ല എന്ന സൂചന പരസ്യമായി തന്നെ നൽകിയതോടെ ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റിയിൽ വീണ്ടും പിളർപ്പ് ഉറപ്പായി. വർഷങ്ങൾക്കു മുമ്പ് വിരുദ്ധ ഗ്രൂപ്പുകളായാണ് കോൺഗ്രസ് പോഷകസംഘടനകൾ ഒമാനിൽ പ്രവർത്തിച്ചിരുന്നത്. അന്ന് സിദ്ദീക്ക് ഹസ്സന്റെ നേതൃത്വത്തിലുള്ള ഒ.ഐ.സി.സിക്കായിരുന്നു കെ.പി.സി.സിയുടെ ഔദ്യോഗിക അംഗീകാരം. എങ്കിലും ഇതേ പേരിൽ മറ്റൊരു പോഷക സംഘടനയും പ്രവർത്തിച്ചിരുന്നു.
ഈ സമയത്ത് ഒമാനിൽ സന്ദർശനത്തിനെത്തിയ ഉമ്മൻ ചാണ്ടി, വയലാർ രവി, ശശി തരൂർ തുടങ്ങിയ നേതാക്കൾക്കുപോലും ചേരിതിരിഞ്ഞുകൊണ്ടായിരുന്നു ഇരുവിഭാഗവും സ്വീകരണ പരിപാടികൾ ഒരുക്കിയിരുന്നത്. 2011ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നതോടെ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുൻകൈ എടുത്താണ് രണ്ടു ഗ്രൂപ്പുകളും തമ്മിലുള്ള ലയനം സാധ്യമാക്കിയത്. എന്നാൽ, വിചാരിച്ചപോലെ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കീറാമുട്ടിയായി. ഇരുവിഭാഗവും പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതോടെ ലയനം നീണ്ടുപോയി. അവസാനം ഔദ്യോഗികപക്ഷത്തെ സിദ്ദീക്ക് ഹസ്സൻ പ്രസിഡന്റായും ഒ.പി.സി.സിയുടെ എൻ. ഉമ്മൻ ജനറൽ സെക്രട്ടറിയുമായുള്ള പാക്കേജ് അംഗീകരിച്ചു. ഈ ഒത്തുതീർപ്പിൽ ഇന്നത്തെ ഗ്ലോബൽ ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്തിന് സ്ഥാനമാനങ്ങൾ ഒന്നും ലഭിച്ചില്ല.
ഒത്തുതീർപ്പു ഫോർമുലയിൽ തൃപ്തരല്ലാതിരുന്ന മറ്റൊരു വിഭാഗം ഉമ്മർ എരമംഗലത്തിന്റെ നേതൃത്വത്തിൽ പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് എന്ന പേരിൽ പ്രവർത്തനം തുടരുകയും ചെയ്തു. രണ്ടു വർഷത്തിലേറെ എടുത്താണ് ഗ്ലോബൽ കമ്മിറ്റി രൂപവത്കൃതമായത്. എന്നാൽ, അധികം വൈകാതെ തന്നെ അന്തച്ഛിദ്രങ്ങൾ ഉടലെടുത്തു. കെ.പി.സി.സി നേതാക്കൾക്ക് പലവട്ടം മസ്കത്തിൽ എത്തി പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടത്തേണ്ടിവന്നു. നാല് വർഷം മുമ്പ് ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ സ്ഥാനം രാജിവെച്ചതോടെ രണ്ടായിതന്നെ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ, കോവിഡ് മഹാമാരിയുടെ സമയത്ത് ഗ്രൂപ് വ്യത്യാസം മറന്ന് എല്ലാവിഭാഗവും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. ശങ്കരപ്പിള്ള കുമ്പളത്തിനെ ഗ്ലോബൽ ചെയർമാനായി നിയമിച്ചതോടയാണ് നിലവിലെ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ ആർക്കായിരിക്കും കെ.പി.സി.സി അംഗീകാരം നൽകുക എന്നത് ചോദ്യചിഹ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.