മസ്കത്ത്: റമദാനിൽ എല്ലാ പൊതു വിപണികളിലും അവശ്യവസ്തുക്കളുടെയും പഴങ്ങളുടെയും പച്ചക്കറികളുടെയും വില നിയന്ത്രണത്തിലാണെന്ന് ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. അനധികൃതമായി വില ഉയർത്തുന്നത് തടയാൻ നിരവധി നിയന്ത്രണ പരിപാടികൾ അധികൃതർ നടത്തിയിരുന്നു.
ഖസാഈൻ സെൻട്രൽ മാർക്കറ്റിൽ വിവിധ അവശ്യവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിലകൾ നിയന്ത്രണാതീതമാണ്. അനധികൃതമായി എവിടെയും വില ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.പി.എയിലെ ഉപഭോക്തൃ സേവന, മാർക്കറ്റ് വാച്ച് വകുപ്പിലെ ഒരു പ്രതിനിധി പറഞ്ഞു.
ഉയർന്ന ആവശ്യകത കാരണം , കഴിഞ്ഞ രണ്ടാഴ്ചയായി ഉള്ളിയുടെയും മറ്റു പഴങ്ങളുടെയും പച്ചക്കറികളുടെയും വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പരാതികൾ ഉണ്ടായിരുന്നു. മാസത്തിന്റെ തുടക്കത്തിൽ രണ്ടോ മൂന്നോ രാജ്യങ്ങളിൽനിന്ന് ഞങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാൽ ചില പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണത്തിൽ നേരിയ കുറവുണ്ടായിരുന്നു. അവിടെ ഉൽപാദനം കുറഞ്ഞതിനാൽ വിതരണത്തെ ബാധിച്ചു.
എന്നാൽ, അവ മറ്റു രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന് ആവശ്യം നിറവേറ്റാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോറിറ്റിയുടെ അനുമതിയില്ലാതെ അവശ്യവസ്തുക്കളുടെ വില വർധിപ്പിക്കുന്നതിനെതിരെ സി.പി.എ നേരത്തെ വിൽപനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
മൊത്തക്കച്ചവടക്കാരിലും ചില്ലറ വ്യാപാരികളിലും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വിപണിയിലെ പ്രധാന ബിസിനസ് സ്ഥാപനങ്ങളുമായി ഞങ്ങൾ ചർച്ചകൾ നടത്തിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ അതനുസരിച്ച് നടപടിയെടുക്കമെന്നും അദ്ദേഹം പറഞ്ഞു.
വിലവർധന ഉൾപ്പെടെ മറ്റു ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കൾക്ക് 80079009, 80077997 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.