നീറ്റ് പരീക്ഷ ഇന്ന്; ഒരുക്കം പൂർത്തിയായി

മസ്കത്ത്: ഞായറാഴ്ച നടക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയുടെ എല്ലാവിധ ഒരുക്കവും പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. മസ്കത്ത് ഇന്ത്യൻ സ്കൂളാണ് പരീക്ഷ കേന്ദ്രം.

ഇത്തവണ 214 വിദ്യാർഥികളാണ് ഒമാനിൽനിന്ന് പരീക്ഷ എഴുതുന്നത്. ഒമാന്‍ സമയം ഉച്ചക്ക് 12.30നാണ് പരീക്ഷ ആരംഭിക്കുന്നത്. 3.20 മണിക്കൂറാണ് സമയം. 12 മണിക്കു മുമ്പായി പരീക്ഷകേന്ദ്രത്തിൽ വിദ്യാർഥികൾ റിപ്പോർട്ട് ചെയ്യണം. രാവിലെ 9.30 മുതൽ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും. 12 മണിക്കു ശേഷം എത്തുന്നവരെ പരീക്ഷകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സെന്‍റർ കോഡ്: NTA-EC-o-17749 (991101). പരീക്ഷ സെന്ററുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് principal@ismoman.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാവുന്നതാണെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

ആദ്യമായാണ് സുൽത്താനേറ്റിൽ നീറ്റ് പരീക്ഷ നടക്കുന്നത്. മസ്‌കത്തില്‍ കേന്ദ്രം അനുവദിച്ചത് മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാണ്. ആറു ഗള്‍ഫ് രാഷ്ട്രങ്ങളിലായി എട്ടു പരീക്ഷകേന്ദ്രങ്ങളാണ് ഇത്തവണ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രം നടത്തിയിരുന്ന പരീക്ഷക്ക് കഴിഞ്ഞ വർഷമാണ് ഇന്ത്യക്കു പുറത്ത് ആദ്യമായി കേന്ദ്രം അനുവദിച്ചത്. അതേസമയം, ഒമാന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികളടക്കമുള്ള ചില വിദ്യാർഥികൾ ശനിയാഴ്ച രാത്രിയോടെ തന്നെ പരീക്ഷക്കായി മസ്കത്തിൽ എത്തിയിരുന്നു.

ചിലർ ബന്ധുവീടുകളിലും മറ്റുള്ളവർ ഹോട്ടലുകളിലുമായിരുന്നു തങ്ങിയത്. കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പാണ് പലരെയും നേരത്തേ എത്താൻ പ്രേരിപ്പിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Tags:    
News Summary - NEET Exam Today; The preparation is complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.