1. നവജ്യോത് സജിത്ത്, 2. ആക്സൽ ഡോൺ, 3. കാശിനാഥ്, 4. പവിത്ര നായർ, 5.പി.കെ. സ്നേഹ, 6. അരുന്ധതി
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം 'എന്റെ കേരളം എന്റെ മലയാളം' വിജ്ഞാനോത്സവം ഓണ്‍ലൈനായി സംഘടിപ്പിച്ചു. പത്തൊമ്പതാം വര്‍ഷമാണ് വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. അക്ഷരമുറ്റം വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല സംഘാടകരിൽ ഒരാളായ മധു മുരളി കൃഷ്ണൻ ആയിരുന്നു മത്സരങ്ങൾ നിയന്ത്രിച്ചത്. മലയാള ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് ഉദ്ഘാടനം ചെയ്ത കഥാകൃത്ത് ടി.പി. വേണുഗോപാലൻ പറഞ്ഞു. കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ബാല സാഹിത്യകാരനും തത്തമ്മ ബാല മാസികയുടെ എഡിറ്ററുമായ നാരായണൻ കാവുമ്പായി സംസാരിച്ചു. കേരളവിങ് സാഹിത്യ വിഭാഗം കോഓർഡിനേറ്റർ വിജയൻ കെ.വി. സ്വാഗതവും സാഹിത്യവിഭാഗം അസിസ്റ്റന്‍റ് കോഓർഡിനേറ്റർ സന്തോഷ് നന്ദിയും പറഞ്ഞു.
ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ദാർസൈറ്റിലെ നവജ്യോത് സജിത്ത്, ഇന്ത്യൻ സ്കൂൾ ജലാനിലെ ആക്സൽ ഡോൺ, ഇന്ത്യൻ സ്കൂൾ അൽ മബേലയിലെ കാശിനാഥ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിലെ പവിത്ര നായർ, പി.കെ. സ്നേഹ , ഇന്ത്യൻ സ്കൂൾ ദാർസൈറ്റിലെ അരുന്ധതി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേരടങ്ങുന്ന ടീമിന് പകരം വ്യക്തിഗതമായാണ് മത്സരങ്ങൾ നടന്നത്. പ്രാഥമിക മത്സരങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി രണ്ടാം ഘട്ട മത്സരം നടത്തുകയും അതില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്ത് എട്ടുപേരാണ് ഫൈനലില്‍ മത്സരിച്ചത്. ഒമാനിലെ ഇരുപത്തൊന്നു ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികളാണ് മൽസരത്തിനായി രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക് വഴി പ്രേക്ഷകർക്കായി നടത്തിയ ചോദ്യങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
അഞ്ചറിവ് എന്ന പേരിൽ നടത്തിയ ദൈനം ദിന ക്വിസ് പരിപാടിയുടെ ഒരു പ്രധാന ആകർഷണം ആയിരുന്നു. മത്സരത്തിൽ അശ്വതി സജീവ്, മാളിവിക പ്രിയേഷ്, ഐശ്വര്യ ബിനോയ്, അഞ്ചൽ പി. റഹിം, വേദ പ്രശാന്ത്, സാന്റോ നൈനാൻ സജി, ശ്രേയ അന്ന ബാബു, ആഷിഷ് മനോജ്, അനിക മനോജ്, അനന്യ ബിനു നായർ, ആയിഷ ദാവൂദ്, സ്നേഹ പൈക്കാട്ട് കാവിൽ, ഐശ്വര്യ കളപ്പറമ്പത്ത്, അഞ്ചൽ എന്നിവർ വിജയികളായി. കേരള വിങ്ങിന്റെ യൂട്യൂബ് ചാനലിലും (www.youtube.com/ISCKeralawingOman) ഫേസ് ബുക്ക് പേജിലും (http://facebook.com/Keralawing) പരിപാടിയുടെ പൂർണ വീഡിയോ ലഭ്യമാണെന്ന് ഭാരവാഹികൾ പത്രകുറുപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.