മസ്കത്ത് ഫെസ്റ്റിവല്‍ : ഒമാനി പാരമ്പര്യത്തിന്‍െറ  കാഴ്ചകളൊരുക്കി പൈതൃക ഗ്രാമം

മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിലെ അമിറാത്ത് വേദിയില്‍ ഒരുക്കിയിരിക്കുന്ന പൈതൃക ഗ്രാമം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഒമാന്‍െറ തനത് പാരമ്പര്യവും പൈതൃകവും ആസ്വദിക്കാന്‍ അവസരമൊരുക്കുന്നതാണ് പൈതൃകഗ്രാമത്തിലെ കാഴ്ചകള്‍. കാലങ്ങളായി പിന്തുടരുന്നതും ഒമാനെ മറ്റ് രാഷ്ട്രങ്ങളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നതുമായ ഈ കാഴ്ചകള്‍ കാണാന്‍ വിദേശികളടക്കം നിരവധി പേരാണ് ഇവിടെയത്തെുന്നത്. പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക വിഭാഗം തന്നെ പൈതൃക ഗ്രാമത്തില്‍ ഒരുക്കിയിരിക്കുന്നു. പ്രശസ്തമായ ഒമാനി ഹല്‍വയുടെ നിര്‍മാണമാണ് ഇതില്‍ പ്രധാനപ്പെട്ടത്. സന്ദര്‍ശകര്‍ക്ക് മുന്നിലാണ് ഹല്‍വ തയാറാക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഇവിടെനിന്ന് ഹല്‍വ വാങ്ങുകയും ചെയ്യാം. 
ഭക്ഷണങ്ങളുടെ വിഭാഗത്തില്‍ വിവിധ തരം അപ്പങ്ങളും വില്‍പന നടത്തുന്നുണ്ട്. വിവിധ തരം ഈത്തപ്പഴ ഉല്‍പന്നങ്ങളാണ് മറ്റൊരു ആകര്‍ഷണം. വിവിധ തരത്തിലുള്ള സുഗന്ധദ്രവ്യങ്ങള്‍, പെര്‍ഫ്യൂമുകള്‍, കുന്തിരിക്കം തുടങ്ങിയവ മറ്റ് അറബ് രാഷ്ട്രങ്ങളില്‍നിന്നുള്ളവരെയടക്കം ആകര്‍ഷിക്കുന്നുണ്ട്. സുഗന്ധദ്രവ്യങ്ങളുടെയും അത്തറുകളുടെയും വിപുലമായ ശ്രേണി അദ്ഭുതപ്പെടുത്തന്നതാണെന്ന് കുവൈത്തില്‍നിന്നുള്ള സന്ദര്‍ശകന്‍ പറഞ്ഞു. ഇത്തവണ താനും മാതാവും മാത്രമാണ് വന്നിട്ടുള്ളത്. അടുത്ത തവണ കുടുംബത്തെ കൂട്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കരകൗശല വസ്തുക്കള്‍ക്ക് ഒപ്പം കൈകൊണ്ട് ഉണ്ടാക്കിയ മണ്‍പാത്രങ്ങളും നിരവധി പേര്‍ വാങ്ങുന്നുണ്ട്. കഴുതപ്പുറത്ത് യാത്രചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഇവിടെ കഴുതകളെ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. പരമ്പരാഗത കയര്‍ നിര്‍മാണം, പരമ്പരാഗത കളികള്‍, നാടന്‍ നൃത്ത-കലാരൂപങ്ങള്‍ എന്നിവയെല്ലാം സന്ദര്‍ശകര്‍ക്ക്, പ്രത്യേകിച്ച് വിദേശികള്‍ക്ക് മറക്കാന്‍ കഴിയാത്ത അനുഭവമാണ് ഒരുക്കുക. 
സാഹസികര്‍ക്കും ധൈര്യവാന്‍മാര്‍ക്കുമായി ഹീലിയം ബലൂണും അമിറാത്ത് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. 250 മീറ്റര്‍ ഉയരത്തില്‍ പൊങ്ങുന്ന ബലൂണ്‍ 360 ഡിഗ്രിയില്‍ തിരിയുകയും ചെയ്യും. ഫെബ്രുവരി 11ന് മസ്കത്ത് ഫെസ്റ്റിവല്‍ സമാപിക്കും. വിവിധ കലാസാംസ്കാരിക പരിപാടികള്‍ക്ക് പുറമെ മോട്ടോര്‍ സ്പോര്‍ട്സ് മത്സരങ്ങളും ടൂര്‍ ഒമാന്‍ സൈക്കിളോട്ട മത്സരവുമടക്കം നടക്കും. 
 

Tags:    
News Summary - muscut fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.